ഇ.വി.എം ഹാക്കിങ് തടയാമെന്ന് വാഗ്ദാനം; 40 ലക്ഷം ആവശ്യപ്പെട്ടെന്ന് കോൺഗ്രസ് നേതാവിനെതിരെ പരാതി

കാസർകോട്: കാസർകോട്, മഞ്ചേശ്വരം, ഉദുമ നിയമസഭ മണ്ഡലങ്ങളിലെ ഇ.വി.എം ഹാക്കിങ് ശ്രമങ്ങൾ പ്രതിരോധിക്കാനെന്ന പേരിൽ 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപിച്ച് ഒരു കോൺഗ്രസ് നേതാവിനെതിരെ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് പരാതി. യു.ഡി.എഫ് കാസർകോട് ജില്ലാ നേതൃത്വമാണ് പരാതിയുമായി രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ ഒമ്പതിന് ശേഷം ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഉദുമ മണ്ഡലത്തിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് യു.ഡി.എഫ് നേതൃത്വത്തെയും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും സമീപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

‘മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് 2600 വോട്ടുകൾക്ക് തോൽക്കും. ഇ.വി.എം ഹാക്ക് ചെയ്യാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഇത് മറികടക്കാനുള്ള വിദഗ്ദ സംഘം തന്റെ കൈവശമുണ്ട്. 40 ലക്ഷമാണ് വേണ്ടത്. 15 ലക്ഷം മുൻകൂറായി വേണം’ എന്ന് ഇയാൾ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് പരാതിയിലുള്ളത്. ഇറ്റാലിയൻ, ജർമൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ബി.ജെ.പിയുടെ ഹാക്കിങ് പദ്ധതിയെ തടയുകയെന്ന് ഇയാൾ അവകാശപ്പെട്ടതായും നേതാക്കൾ പറയുന്നു. ഇതിനിടെ ചിലരുമായി ഫോണിൽ സംസാരിക്കുകയും വിവിധ സാങ്കേതിക വിഡിയോകൾ കാണിക്കുകയും ചെയ്തതായും പരാതിയിൽ പരാമർശമുണ്ട്.

ഉന്നത യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ച ശേഷം ഈ അവകാശവാദങ്ങൾ വിശ്വസിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതായാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ പിന്നീട് ഇയാൾ മുസ്‍ലിം ലീഗ് സംസ്ഥാന നേതാക്കളെയും സമീപിച്ചുവെന്നാണ് വിവരം. തുടർന്ന് നേതാക്കൾ എ.കെ.എം. അഷ്റഫുമായി ബന്ധപ്പെട്ടപ്പോൾ ഇത് തട്ടിപ്പാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തിയതായും പറയുന്നു.

കാസർകോട്ടെ ഒരു യു.ഡി.എഫ് സ്ഥാനാർഥിയിൽ നിന്നും മറ്റൊരു യു.ഡി.എഫ് സ്ഥാനാർഥിയുടെ സഹോദരനിൽ നിന്നും ഇയാൾ പണം കൈപ്പറ്റിയതായും സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംസ്ഥാനത്ത് ഭരണ മാറ്റം വന്ന സാഹചര്യത്തിൽ വിവിധ ഉന്നത സ്ഥാനങ്ങൾ സ്വന്തമാക്കാൻ ഇയാൾ ശ്രമിക്കുന്നതായും, മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ തനിക്കാണ് സ്വാധീനമെന്ന തരത്തിൽ പ്രചാരണം നടത്തുന്നതായും പരാതിയിൽ പറയുന്നു.

ഇത്തരം പ്രവർത്തനങ്ങളിൽ സർക്കാർയും യു.ഡി.എഫ് നേതൃത്വവും ജാഗ്രത പുലർത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *