ദില്ലി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധങ്ങളോട് കടുത്ത സമീപനം സ്വീകരിക്കില്ലെന്ന സൂചന നൽകി ബിജെപി നേതൃത്വം. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്നും അതിൽ പങ്കെടുക്കുന്നവരെ രാജ്യവിരുദ്ധരായി ചിത്രീകരിക്കേണ്ടതില്ലെന്നും കേന്ദ്ര മന്ത്രിമാർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാകുന്ന യുവജനങ്ങളുടെ ഭാഗമാണ് പ്രതിഷേധിക്കുന്നവരെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ വ്യക്തമാക്കി. സർക്കാരിന്റെ വാർഷികാഘോഷ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി.ജെ.പി കൂടുതൽ സമരപരിപാടികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിജെപി നിലപാട് മൃദുവാക്കിയത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സി.ബി.എസ്.ഇയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ സി.ജെ.പി ആദ്യ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സമരം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാത്ത പക്ഷം വിവിധ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സി.ജെ.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ദില്ലി ഉൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ യുവാക്കളെ ഒരുമിപ്പിച്ച് കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ പദ്ധതി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനൊപ്പം, യുവജനങ്ങളെ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് രൂപം നൽകാനാണ് സി.ജെ.പി ലക്ഷ്യമിടുന്നത്.















Leave a Reply