ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി ജെ പി) പ്രഖ്യാപിച്ചു. സമര പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത് നാളെ പൂനെയിൽ നിന്നായിരിക്കും. തുടർന്ന് ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ വീഴ്ചകൾ എന്നിവ മൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലായെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമാധാനപരമായ പ്രക്ഷോഭം തുടരുമെന്നും സി ജെ പി വ്യക്തമാക്കി. ഗുരുതരമായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകുന്നില്ലെന്നും സംഘടന ആരോപിച്ചു. ഉത്തരവാദിത്തം ഭരണകൂടത്തിന്റെ ഉന്നത തലത്തിൽ നിന്നുതന്നെ ആരംഭിക്കേണ്ടതാണെന്നും, ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഈ വിഷയത്തിൽ മന്ത്രി രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്നും സി ജെ പി വ്യക്തമാക്കി. ജൂൺ 6ന് ഡൽഹിയിലെ ജന്തർ മന്ദറിൽ വിദ്യാർത്ഥികൾ നടത്തിയ വലിയ പ്രതിഷേധം, സർക്കാരിനെ ചോദ്യം ചെയ്യാൻ രാജ്യത്തെ യുവാക്കൾ തയ്യാറാണെന്നതിന്റെ തെളിവാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
രാജ്യവ്യാപക പ്രതിഷേധങ്ങൾക്കുശേഷവും വിദ്യാഭ്യാസ മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റുകയോ അദ്ദേഹം രാജിവെക്കുകയോ ചെയ്യുന്നില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സി ജെ പി മുന്നറിയിപ്പ് നൽകി. ജൂൺ 20 മുതൽ ഡൽഹിയിലെ ജന്തർ മന്ദറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളെ പങ്കെടുപ്പിച്ച് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും സംഘടന അറിയിച്ചു. വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം സ്ഥാപനപരമായ വീഴ്ചകൾക്ക് വിദ്യാർത്ഥികൾ വില കൊടുക്കേണ്ട സാഹചര്യമില്ലെന്നും, നീതിക്കായുള്ള ഈ പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുസമൂഹം പങ്കാളികളാകണമെന്നും സി ജെ പി അഭ്യർത്ഥിച്ചു.















Leave a Reply