കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ഹൈകോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. ഇനി മറ്റൊരു ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക.
കേസിന്റെ വിചാരണാ ഘട്ടത്തിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് വലിയ വിവാദങ്ങൾക്കും നിയമപരമായ ആശങ്കകൾക്കും വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സത്യം പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചത്.
ഔദ്യോഗികമായി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണ് ജഡ്ജിയുടെ പിന്മാറ്റം. എങ്കിലും, അദ്ദേഹം മുമ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായിരുന്ന കാലയളവിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത്. ഇതാണ് ഇപ്പോഴത്തെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക് കേസ് വരുന്നതിൽ അതിജീവിതയും അവരുടെ അഭിഭാഷകരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജഡ്ജി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പിന്മാറിയിരുന്നു.
ഹൈകോടതി മേല്‍നോട്ടത്തില്‍ സൈബര്‍ ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടി ആവശ്യപ്പെടുന്നത്. കേസ് അട്ടിമറിക്കുന്നതിനായി ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് അതിജീവിത ഹർജിയിൽ ശക്തമായി ആരോപിക്കുന്നു. കോടതിയുടെ സുരക്ഷിതമായ കസ്റ്റഡിയിലിരിക്കെ, അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടത് കേസിന്റെ വിശ്വാസ്യതയെയും സുതാര്യതയെയും ഗുരുതരമായി ബാധിക്കുന്ന ഒന്നാണ്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പകർത്തിയ പെൻഡ്രൈവ് അടക്കമുള്ള നിർണായക തെളിവുകൾ ശാസ്ത്രീയമായ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. ദൃശ്യങ്ങൾ ചോർന്നത് എങ്ങനെയാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണെന്നും കണ്ടെത്താൻ വിപുലമായ അന്വേഷണം അനിവാര്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.














Leave a Reply