ചണ്ഡിഗഡ്: ഹരിയാനയിലെ റോഹ്തക്കിലുള്ള തിരക്കേറിയ ഡി-പാർക്ക് മാർക്കറ്റിൽ ചൊവ്വാഴ്ച ഉണ്ടായ വൻ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. ഒരു ഷൂ ഷോറൂമിൽ ആരംഭിച്ച തീ അതിവേഗം സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും പടരുകയായിരുന്നു. നിരവധി കടകളും കെട്ടിടങ്ങളും തീയിൽ നശിച്ചു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാനായത്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ വസതിക്ക് സമീപത്താണ് ഡി-പാർക്ക് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ റോഹ്തക് എം.പി ദീപേന്ദർ സിങ് ഹൂഡ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. റോഹ്തക്കിലെ ഡി-പാർക്ക് മേഖലയിലുണ്ടായ ദുരന്തം വലിയ ജീവഹാനിക്കും സ്വത്ത് നാശത്തിനും കാരണമായത് അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. നാശനഷ്ടമേറ്റ വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുകയും മതിയായ നഷ്ടപരിഹാരം അനുവദിക്കുകയും വേണമെന്ന് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. കൂടാതെ തീയിൽ നശിച്ച കെട്ടിടങ്ങൾക്കും കടകൾക്കും വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾക്കും പൂർണ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു.















Leave a Reply