തച്ചമ്പാറ: പുലിയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ചെന്തുണ്ട് ഭാഗത്തെ ഈറ്റത്തോട്ടത്തിൽ താമസിക്കുന്ന റജിയുടെ പശുക്കിടാവിനെയാണ് ആക്രമിച്ചത്. വീടിന് സമീപം കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ ആക്രമിച്ച ശേഷം ഭാഗികമായി ഭക്ഷിച്ച നിലയിൽ ഉപേക്ഷിച്ചതായി കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പശുവിന്റെ അസ്വാഭാവിക നിലവിളി കേട്ടാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
രണ്ട് മാസം മുൻപും റജിയുടെ മറ്റൊരു പശുക്കിടാവ് പുലിയുടെ ആക്രമണത്തിനിരയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പാലക്കയം വനസ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദ്രുതപ്രതികരണ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയ്ക്കിടെ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തി.
തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി, മണ്ണാർക്കാട് വനം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ കെ. മനോജ്, വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ.എസ്. ലക്ഷ്മി ദാസ്, ടി. വേണുഗോപാൽ എന്നിവരും മറ്റ് ജീവനക്കാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ആക്രമണത്തിൽ കൊല്ലപ്പെട്ട പശുക്കിടാവിന് വെറ്ററിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് പുലിയെ പിടികൂടുന്നതിനായി അതേ പ്രദേശത്ത് കൂട് സ്ഥാപിച്ചു. നേരത്തെയും ചെന്തുണ്ട് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിൽ പുലി ഇറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിച്ച് വന്യജീവിയെ പിടികൂടിയിരുന്നു. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ജനവാസ മേഖലയിലേക്ക് പുലി എത്തിയതോടെ പ്രദേശവാസികളിൽ ആശങ്കയും ഭീതിയും വർധിച്ചിട്ടുണ്ട്.














Leave a Reply