അടിമാലി: കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വീണ്ടും ആശങ്കയുടെയും പ്രതിഷേധത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ് ചിന്നക്കനാൽ. തിങ്കളാഴ്ച രാവിലെ സൂര്യനെല്ലി-കൊളുക്കുമല റോഡിന് സമീപത്തെ തിരുവള്ളൂർ കോളനിയിൽ താമസിച്ചിരുന്ന മാരി (37) കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓരോ വർഷവും ഒരാൾ വീതം കാട്ടാന ആക്രമണത്തിൽ മരിച്ചതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളിൽ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന കർഷകനും വനംവകുപ്പ് വാച്ചറുമാണ് സമാന സാഹചര്യങ്ങളിൽ ജീവൻ നഷ്ടപ്പെടുത്തിയത്.
ചിന്നക്കനാൽ പഞ്ചായത്തിന്റെ കണക്ക് പ്രകാരം ഇതുവരെ 47 പേരാണ് കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും സ്ഥിരമായ ആരോഗ്യപ്രശ്നങ്ങളോടെ ജീവിതം തുടരേണ്ടി വരികയും ചെയ്യുന്നുണ്ട്.
വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം പ്രദേശത്ത് 18 കാട്ടാനകളാണ് സ്ഥിരമായി സഞ്ചരിക്കുന്നത്. ചക്കക്കൊമ്പൻ ഉൾപ്പെടെയുള്ള പ്രശ്നകാരികളായ ആനകൾ ജനവാസ മേഖലകളിലേക്ക് പതിവായി എത്തുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. അനയിറങ്കൽ ജലാശയവും സമീപ പ്രദേശങ്ങളിലെ ഏലത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും ഇവയുടെ പ്രധാന സഞ്ചാര മേഖലകളാണ്.
തോട്ടങ്ങൾ സംരക്ഷിക്കുന്നതിനായി ആനത്താരകൾ പല ഭാഗങ്ങളിലും തടസ്സപ്പെട്ടതോടെ കാട്ടാനകൾ കൂടുതൽ ജനവാസ മേഖലകളിലേക്ക് നീങ്ങുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കോളനികൾ കൂടുതലുള്ള പ്രദേശമായതിനാൽ സാധാരണ ജനങ്ങളുടെ സുരക്ഷ വലിയ വെല്ലുവിളിയായി തുടരുകയാണ്.
പ്രതിഷേധവുമായി നാട്ടുകാർ
മാരിയുടെ മരണത്തിന് പിന്നാലെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും ആദ്യം പ്രതിഷേധക്കാർ അനുവദിച്ചില്ല. ശാന്തൻപാറ സി.ഐയുടെ ഇടപെടലിനെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം മാറ്റാൻ അനുമതി ലഭിച്ചത്.
തുടർന്ന് പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
‘മനുഷ്യർക്കും സുരക്ഷ വേണം’
ജനവാസ മേഖലകളിലേക്ക് ആനകൾ കൂട്ടത്തോടെ എത്തി ആക്രമണം തുടരുമ്പോഴും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വന്യജീവികൾക്ക് മാത്രമല്ല, മനുഷ്യർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
കുട്ടിയെ സ്കൂളിൽ എത്തിക്കാനെത്തിയ മാരിയെ കുട്ടിയുടെ മുന്നിൽവെച്ചാണ് കാട്ടാന ആക്രമിച്ചതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഓരോ അപകടത്തിനും പിന്നാലെ യോഗങ്ങളും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്നും, സ്ഥിരമായ പരിഹാരമൊന്നും നടപ്പിലാകുന്നില്ലെന്നും അവർ വിമർശിച്ചു.
അരിക്കൊമ്പനെ പിടികൂടിയ ശേഷവും ആക്രമണങ്ങൾ തുടരുന്നതായി ചൂണ്ടിക്കാട്ടുന്ന നാട്ടുകാർ, മനുഷ്യ-ആന സംഘർഷത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യമാണ് വീണ്ടും ഉന്നയിക്കുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നാട്ടുകാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ചേർന്ന് യോഗം ചേർന്നു. നഷ്ടപരിഹാരം, മാരിയുടെ കുടുംബത്തിന്റെ പുനരധിവാസം, കുട്ടികളുടെ ഭാവി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.














Leave a Reply