തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്കുള്ള മാധ്യമപ്രവർത്തകരുടെ പ്രവേശനത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബന്ധപ്പെട്ട വകുപ്പിന്റെ ശിപാർശയോ പ്രത്യേക അനുമതിയോ ഇല്ലാതെ മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിർദേശമാണ് നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇതോടൊപ്പം സെക്രട്ടറിയേറ്റിലെ പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുമ്പ് നടപ്പാക്കിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ സെക്രട്ടറിയേറ്റിലെ മറ്റ് വകുപ്പുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. സന്ദർശകർക്കായി കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തകരുടെ പ്രവേശനം സുരക്ഷാ ജീവനക്കാർ നിയന്ത്രിക്കുന്നത്.
സർക്കാർ അംഗീകൃത അക്രഡിറ്റേഷൻ കാർഡ് കൈവശമുള്ള മാധ്യമപ്രവർത്തകരെപ്പോലും ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ശിപാർശ കത്ത് ഇല്ലാതെ പ്രവേശിപ്പിക്കരുതെന്ന നിർദേശമാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡുകൾ അനുവദിക്കുന്നത്. നിയന്ത്രിത മേഖലകളിൽ വാർത്താ ശേഖരണത്തിനായി സുഗമമായ പ്രവേശനം ഉറപ്പാക്കുക എന്നതാണ് ഈ കാർഡുകളുടെ പ്രധാന ഉദ്ദേശ്യം.
എന്നാൽ നിലവിൽ അക്രഡിറ്റേഷൻ കാർഡുമായി എത്തുന്ന മാധ്യമപ്രവർത്തകരെയും ഗേറ്റിൽ തടയുന്നതായി പരാതിയുണ്ട്. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം സെക്രട്ടറിയേറ്റിൽ സന്ദർശകരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് പൊതുജനങ്ങൾക്ക് പ്രവേശന സമയം വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ മാത്രമായി പരിമിതപ്പെടുത്തിയത്.
പ്രത്യേക പാസോ അകത്തുനിന്നുള്ള ഔദ്യോഗിക അനുമതിയോ ലഭിച്ചാൽ മാത്രമാണ് ഇപ്പോൾ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ സമയക്രമവും സുരക്ഷാ നിയന്ത്രണങ്ങളുമാണ് മാധ്യമപ്രവർത്തകർക്കും ബാധകമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
സെക്രട്ടറിയേറ്റിലേക്കുള്ള പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ്, രാഷ്ട്രീയ പ്രതിഷേധങ്ങൾ പതിവായി നടക്കുന്ന പ്രദേശമായതിനാൽ ‘സമരഗേറ്റ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ തുറന്നുകൊടുത്തിരുന്ന ഈ ഗേറ്റ് ഇപ്പോൾ വീണ്ടും അടച്ചിരിക്കുകയാണ്.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും മാധ്യമപ്രവർത്തകർക്കുള്ള സമാന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന രാഷ്ട്രീയ കക്ഷികൾ ഈ നടപടിക്കെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയിരുന്നു. നിലവിലെ നിയന്ത്രണങ്ങൾ മുൻകാല സംവിധാനങ്ങളിലേക്കുള്ള തിരിച്ചുപോക്കാണെന്ന വിമർശനവും ഉയരുന്നുണ്ട്.
അതേസമയം, ബജറ്റ് സംബന്ധമായ തിരക്കുകൾ കാരണം സെക്രട്ടറിയേറ്റിലെ പ്രവേശന ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിക്കുന്നത്.














Leave a Reply