ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ വഴിത്തിരിവായി എ.ഐ.എ.ഡി.എം.കെ വിമത എം.എൽ.എമാർക്ക് ആശ്വാസം. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിനിടെ വിജയ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 21 എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ.സി.ഡി. പ്രഭാകർ അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെ പിന്തുണച്ച 25 എം.എൽ.എമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ കത്ത് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (ഇ.പി.എസ്) പിൻവലിച്ചതിനെ തുടർന്നാണ് ഈ തീരുമാനം ഉണ്ടായത്.
അതേസമയം, വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ) ചേർന്ന നാല് അംഗങ്ങളുടെ കാര്യത്തിൽ സ്പീക്കർ ഇതുവരെ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കുള്ളിലെ ഭിന്നതകൾ രൂക്ഷമാവുകയും രാഷ്ട്രീയ അനിശ്ചിതത്വം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇ.പി.എസ് നൽകിയ കത്ത് പിൻവലിച്ചതും തുടർന്ന് സ്പീക്കർ സ്വീകരിച്ച നിലപാടും തമിഴ്‌നാട്ടിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വ്യാപക ചർച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.















Leave a Reply