കൊച്ചി: കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്.
സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഭീഷണിപ്പെടുത്തൽ പരാമർശങ്ങളെ തുടർന്നാണ് പൊലീസ് നടപടി ശക്തമാക്കിയത്. വിരമിച്ച ശേഷം സമാധാനപരമായി ജീവിക്കാൻ അനുവദിക്കില്ലെന്ന തരത്തിലുള്ള പോസ്റ്റാണ് അർജുൻ ആയങ്കി പങ്കുവെച്ചതെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെയും സംഘത്തെയും കഴിഞ്ഞ മേയ് 3ന് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് കോതമംഗലം സി.ഐക്കെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണിയും അധിക്ഷേപവും നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
റിസോർട്ടിൽ പാർട്ടി സംഘടിപ്പിച്ച് കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അർജുൻ ആയങ്കിയും സംഘവും പിടിയിലായതെന്നാണ് പൊലീസ് ആരോപിക്കുന്നത്. തുടർന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ നിയമനടപടികൾക്ക് വഴിവെച്ചത്.
‘A1 Crime Number 665/2026’ എന്ന പരാമർശത്തോടെയാണ് വിവാദ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചത്. പോസ്റ്റ് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടെ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പൊതുസമാധാനത്തിന് ഭീഷണിയാകുന്ന രീതിയിലാണ് പെരുമാറ്റമെന്നുമാണ് പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹർജിയിൽ കോടതി സ്വീകരിക്കുന്ന നിലപാട് കേസിന്റെ തുടർ നടപടികളിൽ നിർണായകമാകും.















Leave a Reply