ന്യൂഡൽഹി: തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദവി വഹിച്ച നേതാവെന്ന റെക്കോർഡിലേക്ക് നരേന്ദ്ര മോദി. ജൂൺ 10ന് പ്രധാനമന്ത്രി പദത്തിൽ 4,399 ദിവസം പൂർത്തിയാക്കുന്നതോടെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുക.
2014 മെയ് 26നാണ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റത്. തുടർച്ചയായ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച അദ്ദേഹം ജൂൺ 10ന് 4,399 ദിവസങ്ങൾ പൂർത്തിയാക്കും. ഇതോടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി 4,398 ദിവസം പ്രധാനമന്ത്രി പദവിയിൽ തുടർന്ന ജവഹർലാൽ നെഹ്റുവിന്റെ നേട്ടം പിന്നിലാകും.
1952 മെയ് 13 മുതൽ 1964 മെയ് 27 വരെയായിരുന്നു നെഹ്റുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയിലെ കാലാവധി. സ്വാതന്ത്ര്യാനന്തര ഇടക്കാല ഘട്ടത്തിൽ 1947 മുതൽ 1952 വരെ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കിലും അത് പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള കാലയളവായിരുന്നില്ല. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ തുടർച്ചയായി 4,077 ദിവസം പ്രധാനമന്ത്രി പദവി വഹിച്ചിരുന്നു.
ഇതിനിടെ, കേന്ദ്രത്തിലെ മോദി സർക്കാർ ഭരണത്തിന്റെ പതിമൂന്നാം വർഷത്തിലേക്കും കടക്കുകയാണ്. സമീപകാല തെരഞ്ഞെടുപ്പുകളിൽ പശ്ചിമ ബംഗാളിലും ബിഹാറിലും നേടിയ രാഷ്ട്രീയ നേട്ടങ്ങൾ സർക്കാരിന്റെ നില കൂടുതൽ ശക്തമാക്കിയെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.
മണ്ഡല പുനർനിർണയം, വനിതാ സംവരണ നിയമത്തിന്റെ നടപ്പാക്കൽ, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി തുടങ്ങിയ പ്രധാന നിയമനിർമാണങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്ര സർക്കാർ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, നീറ്റ് പരീക്ഷയും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളും സർക്കാരിന് വെല്ലുവിളി ഉയർത്തുന്ന വിഷയങ്ങളായി തുടരുന്നു.
കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ മാറ്റങ്ങളുടെ കേന്ദ്രബിന്ദു സാധാരണ ജനങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനധൻ പദ്ധതി, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, സ്വച്ഛ് ഭാരത് മിഷൻ, പി.എം ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങളും ജീവിത നിലവാരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.















Leave a Reply