എംഎസ്‌സി എൽസ 3 അപകടം വരുത്തിവെച്ചതെന്ന് അന്വേഷണ റിപ്പോർട്ട്; വിഴിഞ്ഞത്ത് വെച്ചുതന്നെ കപ്പലിൽ വെള്ളം കയറിയെന്ന് കണ്ടെത്തൽ

കൊച്ചി: അറബിക്കടലിൽ മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പൽ അപകടത്തിന് പിന്നിൽ ഗുരുതര സാങ്കേതിക തകരാറുകളും സുരക്ഷാ വീഴ്ചകളും ഉണ്ടായിരുന്നുവെന്ന് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ട്. കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനത്തിൽ ഉണ്ടായ തകരാറാണ് അപകടത്തിലേക്കുള്ള പ്രധാന കാരണങ്ങളിലൊന്നായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കയറ്റുന്നതിനിടെയേ കപ്പലിലേക്ക് വെള്ളം കയറിത്തുടങ്ങിയിരുന്നുവെന്നും, ഈ സാഹചര്യം സംബന്ധിച്ച് തുറമുഖ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോഡിങ് ഘട്ടത്തിൽ തന്നെ കപ്പലിന് ഏകദേശം അഞ്ച് ഡിഗ്രി ചെരിവ് ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. മുൻ യാത്രകളിലും കപ്പലിന് സ്റ്റാർബോഡ് ഭാഗത്തേക്ക് ചരിവുണ്ടായിരുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ശക്തമായ ചരിവ് കാരണം നിരവധി കണ്ടെയ്‌നർ സ്റ്റാക്കുകൾ സ്ഥാനം മാറുകയും, ഇതോടെ കപ്പലിന്റെ സ്ഥിരത കൂടുതൽ അപകടത്തിലാകുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

നാലാം നമ്പർ കാർഗോ ഹോൾഡറിലേക്ക് വെള്ളം കയറിത്തുടങ്ങിയിരുന്നുവെന്നും, ഇത് കപ്പലിന്റെ കടൽക്ഷമതയെ ഗുരുതരമായി ബാധിച്ചതായും വിലയിരുത്തുന്നു. കൂടാതെ, കപ്പലിന് വിവിധ ഘടനാപരമായ പ്രശ്നങ്ങളും നിലനിന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കപ്പലിന്റെ കാലപ്പഴക്കവും അപകടത്തിന് കാരണമായ ഘടകങ്ങളിൽ ഒന്നായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2016-ൽ ഉണ്ടായ കൂട്ടിയിടിയിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും, അവ പൂർണമായി പരിഹരിക്കുന്നതിനുള്ള നടപടികൾ കമ്പനി സ്വീകരിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

സാങ്കേതിക തകരാറുകൾ, സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകൾ, മുൻകാല കേടുപാടുകൾ എന്നിവയുടെ സംയുക്തഫലമായാണ് എംഎസ്‍സി എൽസ 3 കപ്പൽ അപകടം സംഭവിച്ചതെന്നാണ് ഡിജി ഷിപ്പിംഗിന്റെ പ്രാഥമിക വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *