മാസപ്പടി കേസിലെ ഇഡി സമൻസ്; വീണയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ജോൺ ബ്രിട്ടാസ്

ദില്ലി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. വീണയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം. എസ്എഫ്ഐഒയോട് അടക്കം വിവരങ്ങൾ വീണ ധരിപ്പിച്ചതാണെന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ്, സിഎംആർഎൽ നൽകിയ രാഷ്ട്രീയ സംഭാവനങ്ങളിലും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

ഈ മന്ത്രിസഭ രണ്ട് പേർ പണം കൈപ്പറ്റി എന്ന് സമ്മതിച്ചതാണ്. അതുവച്ച് നോക്കുമ്പോൾ വീണ വാങ്ങിയെന്ന് പറയുന്നത് എത്രയോ ചെറിയ തുകയാണ്. ആ പണം രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. അദാനിയെ കൊണ്ട് വന്നത് സിപിഐഎം ആണെന്ന ആരോപണത്തിലും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. രാഹുൽ ഗാന്ധി ഇന്ത്യ സഖ്യ യോഗത്തിൽ സംസാരിച്ചത് തെറ്റായ വിവരങ്ങൾ മുൻ നിർത്തിയാണ്. അദാനിയെ കേരളത്തിൽ കൊണ്ട് വന്നത് കോൺഗ്രസ് കാലത്താണ്. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ അദാനിയെ കൊണ്ട് വന്നത് സിപിഐഎം ആണോ എന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *