ഇൻഡ്യ മുന്നണി യോഗത്തിന് പിന്നാലെ സോണിയയെ കാണാൻ മമത

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ചൊവ്വാഴ്ച വൈകുന്നേരം കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇൻഡ്യ മുന്നണി യോഗത്തിന് പിന്നാലെ നടക്കുന്ന ഈ കൂടിക്കാഴ്ച രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.

പശ്ചിമ ബംഗാളിൽ ടി.എം.സി നേരിട്ട തിരിച്ചടികളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന ഇൻഡ്യ മുന്നണി യോഗത്തിൽ സഖ്യകക്ഷികൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർന്നിരുന്നു. എസ്.ഐ.ആർ, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. കൂടാതെ, രണ്ട് മാസത്തിലൊരിക്കൽ സ്ഥിരമായി യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനമെടുത്തിരുന്നു. സോണിയ ഗാന്ധിയുടെ ന്യൂഡൽഹിയിലെ വസതിയിൽ വൈകുന്നേരം നാലുമണിയോടെയാകും മമത ബാനർജിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *