ബംഗളൂരു: സംസ്ഥാനത്ത് ഗുണ്ടാ-സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിരന്തരം നിരീക്ഷിക്കുന്നതിനുമായി എല്ലാ പൊലീസ് സർക്കിളുകളിലും സ്റ്റേഷൻ പരിധികളിലും പ്രത്യേക റൗഡി സ്ക്വാഡുകൾ രൂപവത്കരിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.
ജൂൺ നാലിന് സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. ഓരോ താലൂക്കിലും റൗഡി സംഘങ്ങളെയും കുറ്റകൃത്യ സംഘങ്ങളെയും നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
സർക്കിൾ ഇൻസ്പെക്ടറുടെ മേൽനോട്ടത്തിലായിരിക്കും ഓരോ പൊലീസ് സർക്കിളിലെയും റൗഡി സ്ക്വാഡുകളുടെ പ്രവർത്തനം. സ്റ്റേഷൻ തലത്തിൽ ഒരു ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും പ്രവർത്തിക്കും. സംസ്ഥാന പൊലീസ് മേധാവിയും ഇൻസ്പെക്ടർ ജനറലുമായ എം.എ. സലീം പുറത്തിറക്കിയ സർക്കുലറിലാണ് ഇതുസംബന്ധിച്ച വിശദ നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രദേശത്തെ കുറ്റകൃത്യ സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അല്ലെങ്കിൽ എ.സി.പി ആയിരിക്കും ഓരോ സ്ക്വാഡിന്റെയും ഘടന നിശ്ചയിക്കുക. വ്യക്തികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകൾ പരിശോധിക്കുക, ആവശ്യമായിടത്ത് പുതിയ റൗഡി ഷീറ്റുകൾ തുറക്കുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിക്കുക എന്നിവ പ്രധാന ചുമതലകളായിരിക്കും.
റൗഡി ഷീറ്റർമാരുടെയും കുറ്റകൃത്യ സംഘങ്ങളുടെയും പ്രവർത്തനങ്ങൾ, ബന്ധങ്ങൾ, നീക്കങ്ങൾ എന്നിവ സംബന്ധിച്ച പുതുക്കിയ വിവരങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകയും വേണം. പുതുതായി രൂപംകൊള്ളുന്ന ക്രിമിനൽ സംഘങ്ങളെ തിരിച്ചറിയുകയും അവരുടെ പ്രവർത്തനങ്ങൾ തടയുന്നതിനാവശ്യമായ വിവരശേഖരണം നടത്തുകയും ചെയ്യുന്നതും സ്ക്വാഡുകളുടെ ഉത്തരവാദിത്തത്തിലാണ്.
ഗുണ്ടാ നിയമം, കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട് എന്നിവ പ്രകാരമുള്ള നടപടികൾ, പ്രതിരോധ റിപ്പോർട്ടുകൾ, വാറണ്ടുകൾ, ബോണ്ടുകൾ എന്നിവ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും സ്ക്വാഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
രണ്ടാഴ്ചയിലൊരിക്കൽ സർക്കിൾ ഇൻസ്പെക്ടർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും സ്ക്വാഡുകളുടെ പ്രവർത്തനം വിലയിരുത്തും. പ്രതിമാസ ക്രൈം മീറ്റിങ്ങുകളിൽ സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരും എ.സി.പിമാരും പ്രകടന അവലോകനം നടത്തണം.
റൗഡി ഷീറ്റുകൾ കൃത്യമായി പുതുക്കുകയും നിയമാനുസൃതമായി അവലോകനം ചെയ്യുകയും വേണമെന്ന് യൂണിറ്റ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്ക്വാഡുകളുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും രേഖപ്പെടുത്തുന്നതിനായി പ്രത്യേക രജിസ്റ്ററുകളും സൂക്ഷിക്കും. അക്രമത്തിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.















Leave a Reply