കൽപറ്റ: വയനാട് കുടുംബശ്രീയുടെ കീഴിൽ നടപ്പാക്കിയ കേന്ദ്രസർക്കാർ പദ്ധതിയിൽ 36 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഉരുൾദുരന്തബാധിതർക്കായി നടപ്പാക്കിയ മൈക്രോ പ്ലാൻ പദ്ധതിയിലും സമാനമായ ക്രമക്കേടുകൾ ഉണ്ടായിരിക്കാമെന്ന ആരോപണം ശക്തമാകുന്നു.
വർഷങ്ങളായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്ന വൻ ധൻ വികാസ് കേന്ദ്ര പദ്ധതിയുടെ ഭാഗമായി ആദിവാസി ഉൽപന്നങ്ങൾ വിൽക്കുന്ന എട്ട് കേന്ദ്രങ്ങളിലായി 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന വിവരമാണ് അടുത്തിടെ പുറത്തുവന്നത്. സംഭവത്തിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ മൂന്ന് താൽക്കാലിക കുടുംബശ്രീ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഇവരുടെ നേതൃത്വത്തിലാണ് ഉരുൾദുരന്തബാധിതർക്കായുള്ള മൈക്രോ പ്ലാൻ പദ്ധതിയും നടപ്പാക്കിയതെന്നതാണ് പുതിയ ആരോപണങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ദുരന്തബാധിതർക്ക് വ്യക്തിഗതമായും കൂട്ടായും ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വായ്പ അനുവദിക്കുന്ന പദ്ധതിയായിരുന്നു ഇത്.
തയ്യൽ മെഷീൻ, തേൻ ഉൽപാദന യൂണിറ്റ്, വാഹന അറ്റകുറ്റപ്പണി കേന്ദ്രം, പെട്ടിക്കട, ബേക്കറി തുടങ്ങിയ സംരംഭങ്ങൾക്കാണ് സഹായം നൽകിയത്. അഞ്ച് അംഗങ്ങൾ വരെയുള്ള ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപ വരെയും വ്യക്തിഗത ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ വരെയും വായ്പ അനുവദിച്ചിരുന്നു.
ഫേസ്-1, ഫേസ്-2എ, ഫേസ്-2ബി വിഭാഗങ്ങളിലായി 1,040 ദുരന്തബാധിതരായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ. എന്നാൽ ഇവരിൽ പലർക്കും അനുവദിച്ച വായ്പയുടെ മുഴുവൻ തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി.
സന്നദ്ധസംഘടനകളിൽ നിന്ന് സഹായം ലഭിച്ചവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ ചില ജീവനക്കാർ ശ്രമിച്ചുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചില കേസുകളിൽ തയ്യൽ മെഷീൻ ലഭിക്കാതിരുന്നിട്ടും 35,000 രൂപയുടെ സഹായം കൈപ്പറ്റിയതായി രേഖകളിൽ രേഖപ്പെടുത്തിയതായും പരാതിയുണ്ട്. ഇതിനെതിരെ ചില ഗുണഭോക്താക്കൾ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു.
കേന്ദ്രസർക്കാർ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ, അതേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപ്പാക്കിയ മൈക്രോ പ്ലാൻ പദ്ധതിയുടെ ധനവിനിയോഗവും ഗുണഭോക്തൃ പട്ടികയും വിശദമായി പരിശോധിക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുകയാണ്.














Leave a Reply