ഫാസ്ടാഗിൽ പണമില്ല: തിരിഞ്ഞോടി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: ഫാസ്‌ടാഗിൽ മതിയായ തുക ഇല്ലാതിരുന്നതിനാൽ എന്‍.എച്ച്-66 ൽ വണ്‍വേ നിയമം ലംഘിച്ച് കെ.എസ്.ആർ.ടി.സി ബസ് തിരിഞ്ഞോടിയതായി റിപ്പോർട്ട്. കോഴിക്കോട് ഭാഗത്ത് നിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസാണ് അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിൽ ദേശീയപാതയിലൂടെ സഞ്ചരിച്ചത്. മറ്റ് വാഹനയാത്രികർ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്ന് ബസ് പിന്നീട് സ്ലോ ട്രാക്കിലേക്ക് മാറ്റി.

ഈ മാസം നാലാം തീയതി ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. കോഴിക്കോടൻ കിച്ചൺസിന് സമീപത്തെ എക്സിറ്റിലൂടെ ബസ് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതും ഇതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഫാസ്‌ടാഗിലൂടെ 445 രൂപയാണ് കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഈടാക്കുന്നത്. യു.പി.ഐ വഴി പണമടച്ചാൽ 556.25 രൂപ നൽകേണ്ടിവരും. ഈ അധിക ചെലവ് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിവരം.

അതേസമയം, രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം കർശനമായി നടപ്പാക്കിത്തുടങ്ങി. നേരത്തേ തന്നെ വിലക്ക് നിലവിലുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ശക്തമായ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലുമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആറുവരിപ്പാത തുറന്ന സമയത്ത് തന്നെ ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം വാഹനയാത്രികരും ഇത് പാലിക്കാറില്ല. ചില ഇരുചക്രവാഹനങ്ങൾ ഓവർടേക്ക് ചെയ്യാനുള്ള മൂന്നാമത്തെ വരിയിലൂടെയും സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതോടെ അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പദം സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്.

നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ആറുവരിപ്പാതയിലും സർവീസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെയും നടപടി ഉണ്ടാകും. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് സഹായത്തോടെ ദേശീയപാത അതോറിറ്റി ക്രെയിൻ ഉപയോഗിച്ച് മാറ്റും. വാഹനം തകരാറിലായ സാഹചര്യങ്ങളിൽ മാത്രമേ റോഡരികിൽ നിർത്തിയിടാൻ അനുമതി നൽകൂ. നിലവിൽ ആറുവരിപ്പാതയിലും സർവീസ് റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രവണത തുടരുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *