വയനാട്ടിൽ ഷിഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കൽപ്പറ്റ: കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളിൽ ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പ്രതിരോധ നടപടികൾ ശക്തമാക്കി. രോഗബാധിത കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഉടൻ ചികിത്സ തേടാൻ നിർദേശം നൽകിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ കണ്ടെത്തിയ കുട്ടികളുടെ വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും അണുനശീകരണ നടപടികൾ സ്വീകരിക്കാനും അധികൃതർ തീരുമാനിച്ചു. കൂടാതെ, കോളിയാടി സ്കൂളിലെ കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളുകളിലെ കിണറുകളും മറ്റ് കുടിവെള്ള സ്രോതസുകളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കുന്നത്.

സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

നിലവിൽ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ 60 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമാന രോഗലക്ഷണങ്ങളോടെ സ്കൂളിലെ 339 കുട്ടികൾ ചികിത്സ തേടിയിരുന്നു. ഇവരിൽ നിന്ന് ശേഖരിച്ച 21 സാമ്പിളുകളിൽ രണ്ടെണ്ണത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള എല്ലാ കുട്ടികളുടെയും ആരോഗ്യനില സാധാരണ നിലയിലാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *