ആറ്റിങ്ങൽ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച വാട്ടർ എ.ടി.എമ്മിന്റെ പ്രവർത്തനം നിർത്തിവെച്ചു. വാട്ടർ അതോറിറ്റിയുടെ അനുമതിയില്ലാതെ കുടിവെള്ളം എ.ടി.എമ്മിലേക്ക് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഗ്രാമപഞ്ചായത്ത് ഓഫീസ് ആവശ്യങ്ങൾക്കായി അനുവദിച്ചിരുന്ന കുടിവെള്ള കണക്ഷനിൽ നിന്നാണ് വാട്ടർ എ.ടി.എമ്മിലേക്ക് വെള്ളം എത്തിച്ചിരുന്നത്. പരിശോധനയിൽ ഇത് കണ്ടെത്തിയതോടെ വാട്ടർ അതോറിറ്റി എ.ടി.എമ്മിലേക്കുള്ള കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു.
2025–26 വാർഷിക പദ്ധതിയുടെ ഭാഗമായി മുൻ ഭരണസമിതിയുടെ കാലത്താണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. പള്ളിപ്പുറം ആസ്ഥാനമായ ആർ.ജെ. എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനായിരുന്നു നിർമ്മാണ ചുമതല. പദ്ധതി പൂർത്തിയാക്കി ഈ വർഷം മാർച്ച് ആറിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിൻ ഉദ്ഘാടനം നിർവഹിച്ചിരുന്നു.
വാട്ടർ അതോറിറ്റി നിയമത്തിലെ സെക്ഷൻ 4(1) പ്രകാരം അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽപന നടത്താൻ അനുമതിയില്ല. ഈ വ്യവസ്ഥ ലംഘിച്ചതാണ് നടപടിക്ക് കാരണമായതെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് പിഴയോ മറ്റ് ശിക്ഷാനടപടികളോ നേരിടേണ്ടി വരാവുന്ന കുറ്റമായാണ് ഇത് പരിഗണിക്കുന്നത്.
പദ്ധതി പ്രവർത്തനം ആരംഭിച്ച് മാസങ്ങൾക്കകം വിവാദത്തിലായതോടെ സംഭവത്തെ ചുറ്റിപ്പറ്റി വിവിധ തലങ്ങളിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. വിഷയത്തിൽ തുടർനടപടികൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന തുടരുകയാണ്.














Leave a Reply