ദില്ലി തീപിടുത്ത ദുരന്തം; കുടുംബത്തിലെ എട്ട് പേരുടെ മരണത്തിന് പിന്നാലെ 70കാരനും മരിച്ചു

ദില്ലി: തെക്കൻ ദില്ലിയിലെ ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ കുടുംബത്തിലെ എട്ട് അംഗങ്ങളെ നഷ്ടപ്പെട്ടതിന് ദിവസങ്ങൾക്കുശേഷം ചികിത്സയിലായിരുന്ന വയോധികനും മരണപ്പെട്ടു. എഴുപതുകാരനായ രാധേ ശ്യാം അഗർവാൾ ചൊവ്വാഴ്ച ഉച്ചയോടെ സാകേതിലെ മാക്സ് ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.

രാധേ ശ്യാം അഗർവാൾ മാക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നതിനാലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ദില്ലിയിലെത്തിയത്. ആശുപത്രിക്ക് സമീപമുള്ള ഹൗസ് റാണിയിലെ ഫ്ലറിഷ് സ്റ്റേയ്സ് എന്ന ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലായിരുന്നു മകൻ വിവേക് അഗർവാൾ മുറികൾ എടുത്തിരുന്നത്. അമ്മ പ്രേംലത, ഭാര്യ തർജാനി, മക്കളായ ജീവിഷ, വരിയ എന്നിവരോടൊപ്പമാണ് വിവേക് അവിടെ താമസിച്ചിരുന്നത്.

ജൂൺ മൂന്നിന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വിവേക് അഗർവാൾ, അമ്മ പ്രേംലത, ഭാര്യ തർജാനി, രണ്ട് പെൺമക്കൾ എന്നിവർ മരിച്ചു. കൂടാതെ പ്രേംലതയുടെ സഹോദരനായ അശോക് ഗോയൽ, സഹോദരി കമല, അവരുടെ ഭർത്താവ് ജിംരി എന്നിവരും ഹോട്ടലിൽ താമസിച്ചിരുന്നതും തീപിടിത്തത്തിൽ മരണപ്പെട്ടതുമാണ്.

കുടുംബത്തിലെ നിരവധി പേരുടെ ജീവൻ അപഹരിച്ച ദുരന്തം നടക്കുമ്പോൾ രാധേ ശ്യാം അഗർവാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട ദുഃഖത്തിനിടെ ദിവസങ്ങൾക്കുശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *