തൃശൂർ: വില്ലടം മേഖലയിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വിൽവട്ടം, നടത്തറ, പൂച്ചട്ടി എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റും ചുഴലിയും അനുഭവപ്പെട്ടത്. കാറ്റിന്റെ ആഘാതത്തിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതവും സാധാരണ ജീവിതവും ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു.
പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ പരിസരത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. സ്കൂളിന്റെ പാർക്കിങ് ഏരിയയിൽ ഉണ്ടായിരുന്ന നാല് തേക്കുമരങ്ങൾ ശക്തമായ കാറ്റിൽ കടപുഴകി വീണു. രാവിലെ 8.45ഓടെയായിരുന്നു സംഭവം. വിദ്യാർഥികൾ സ്കൂളിലെത്തുന്ന സമയത്താണ് മിന്നൽ ചുഴലി ഉണ്ടായതെങ്കിലും വലിയ ദുരന്തം ഒഴിവായി.
ഓട്ടോ ഡ്രൈവർമാരുടെയും അധ്യാപകരുടെയും സമയോചിത ഇടപെടലാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയത്. അപകടസാധ്യത മനസിലാക്കിയ അവർ കുട്ടികളെ സമീപത്തെ വീടുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റി. മരങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്കാണ് വീണത്. അതിനാൽ സമീപത്തുണ്ടായിരുന്ന കുട്ടികൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ എൽ.കെ.ജി ബ്ലോക്കിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. സ്കൂൾ മുറ്റത്തെ വലിയ മാവും നാല് തേക്കുമരങ്ങളും ഉൾപ്പെടെ നിരവധി മരങ്ങൾ നിലംപൊത്തി. മരം വീണ് മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകർന്നെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മരങ്ങൾ റോഡിലേക്ക് വീണതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും രൂക്ഷമായിരുന്നു. ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. പ്രദേശത്തെ നാശനഷ്ടങ്ങളുടെ കണക്ക് അധികൃതർ ശേഖരിച്ചുവരികയാണ്.














Leave a Reply