സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; വി ജോയി തുടരും, ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി എം.എൽ.എ തുടരുമെന്ന കാര്യത്തിൽ പാർട്ടിയിൽ ധാരണയായതായി റിപ്പോർട്ട്. ജില്ലയിലെ സംസ്ഥാന സമിതി അംഗങ്ങൾ പങ്കെടുത്ത നിർണായക യോഗത്തിലാണ് അദ്ദേഹത്തെ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിർത്താൻ തീരുമാനമായത്. എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുത്തു. ഇതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലിയിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നാളെ ചേരുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഔദ്യോഗികമായി അറിയിക്കും.

നാളെ പ്രഖ്യാപനം

നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വി. ജോയി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവതരിപ്പിക്കുമെന്നാണ് സൂചന. തുടർന്ന് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വി. ജോയി നേരത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് താൽക്കാലികമായി മാറിനിന്നിരുന്നു. അദ്ദേഹത്തിന് പകരം രാജ്യസഭാംഗം എ.എ. റഹീം താത്കാലിക ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു.

സാധാരണയായി എം.എൽ.എമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സി.പി.എമ്മിന്റെ സംഘടനാ രീതി. എന്നാൽ തിരുവനന്തപുരം ജില്ലയിൽ നിലനിൽക്കുന്ന സംഘടനാപരമായ തർക്കങ്ങളും പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ചാണ് വി. ജോയിയെ തുടരാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *