കീഴ്ഘടകങ്ങളുടെ ആവശ്യം റിപ്പോർട്ടിലില്ല; നേതൃമാറ്റ ചർച്ച തള്ളി സിപിഎം

തിരുവനന്തപുരം: സിപിഎമ്മിൽ നേതൃത്വത്തിനെതിരെയും സംഘടനാ പ്രവർത്തനങ്ങളിലെ വീഴ്ചകളെതിരെയും കീഴ്ഘടകങ്ങളിൽ നിന്നുയർന്ന വിമർശനങ്ങൾ സംബന്ധിച്ച റിപ്പോർട്ടിൽ മാറ്റം വരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്. നേതൃമാറ്റം ആവശ്യപ്പെട്ടുള്ള നിർദേശങ്ങൾ ഉൾപ്പെടെ ചില നിർണായക പരാമർശങ്ങൾ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയതായാണ് വിവരം.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരായ വിമർശനങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. വ്യക്തിപരവും നയപരവുമായ വീഴ്ചകളെക്കുറിച്ചുള്ള പരാമർശങ്ങളും ലഘൂകരിച്ച നിലയിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് വിലയിരുത്തൽ.

എന്നാൽ നിലവിലെ രൂപത്തിലുള്ള റിപ്പോർട്ടുമായി കീഴ്ഘടകങ്ങളിലേക്ക് പോകുന്നത് പ്രായോഗികമല്ലെന്നും കൂടുതൽ വ്യക്തതയും തിരുത്തലുകളും ആവശ്യമാണ്െന്നും സംസ്ഥാന സമിതി യോഗത്തിൽ അഭിപ്രായമുയർന്നു. ഇതിനെത്തുടർന്ന് ആവശ്യമായ ഭേദഗതികൾ വരുത്താമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തെ അറിയിച്ചു.

അതേസമയം, പാർട്ടി പ്ലീനം ഉടൻ വിളിച്ചുചേരില്ലെന്ന് നേരത്തെ തന്നെ സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന വിശാല സംസ്ഥാന സമിതി യോഗം ഓഗസ്റ്റിൽ നടത്താനാണ് തീരുമാനം. ഇതോടെ പാർട്ടിയിൽ ഉടൻ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കും വിരാമമായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫലങ്ങളെയും സംഘടനാ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിമർശനങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കുകയാണെന്നും, സംഭവിച്ച വീഴ്ചകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും എം.വി. ഗോവിന്ദൻ സംസ്ഥാന സമിതി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *