ചെന്നൈ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ച ‘സിങ്കപ്പെണ്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്’ ഇന്ന് ഔദ്യോഗിക തുടക്കമാകും. അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടാനും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കാര്യക്ഷമമായി നേരിടാനുമാണ് വനിതാ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക പോലീസ് വിഭാഗം രൂപീകരിച്ചിരിക്കുന്നത്.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക, പരാതികളില്‍ അതിവേഗ പ്രതികരണം നടത്തുക, സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ശക്തിപ്പെടുത്തുക എന്നിവയാണ് സിങ്കപ്പെണ്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ലക്ഷ്യങ്ങള്‍. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിജയ് ഒപ്പുവെച്ച ആദ്യ ഉത്തരവുകളില്‍ ഒന്നായിരുന്നു ഈ പ്രത്യേക സേനയുടെ രൂപീകരണം.
ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെ. ഭവാനിശ്വരിയുടെ നേതൃത്വത്തിലാണ് സിങ്കപ്പെണ്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുക. സംസ്ഥാനതലത്തില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രത്യേക നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഐജി ചുമതലയേല്‍ക്കും.
ഡിജിപി ഓഫീസ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, സൈബര്‍ ക്രൈം വിഭാഗത്തില്‍നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 18 സബ് ഇന്‍സ്‌പെക്ടര്‍മാരെ ‘ഓണ്‍ ഡ്യൂട്ടി’ വ്യവസ്ഥയില്‍ പ്രത്യേക സേനയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ നിലവിലെ ചുമതലകളില്‍നിന്ന് വിടുതല്‍ ചെയ്ത് സിങ്കപ്പെണ്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീസുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഭരണനടപടികളുടെ ഭാഗമായാണ് പുതിയ സേന രൂപീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സാങ്കേതികവിദ്യയും പ്രത്യേക പരിശീലനവും പ്രയോജനപ്പെടുത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.















Leave a Reply