മമത ഡൽഹിയിലിരിക്കെ കൊൽക്കത്തയിലെ വസതി വളഞ്ഞ് സി.ഐ.ഡി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച വ്യാജ ഒപ്പ് കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കൊൽക്കത്തയിലെ വസതിയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) പരിശോധന നടത്തി.

പ്രതിപക്ഷ നേതാവായി ശോഭൻദേവ് ചതോപാധ്യായയെ നാമനിർദ്ദേശം ചെയ്ത് നിയമസഭാ സ്പീക്കർക്ക് സമർപ്പിച്ച കത്തിൽ തൃണമൂൽ എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി ചേർത്തുവെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പാർട്ടിക്കുള്ളിൽ വലിയ ഭിന്നതയ്ക്ക് കാരണമായ ഈ സംഭവവികാസങ്ങൾക്കിടെയാണ് സി.ഐ.ഡിയുടെ നടപടി. കാളിഘട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വനിതാ പൊലീസ് സംഘവും ഉൾപ്പെട്ട അന്വേഷണസംഘം ഉച്ചയോടെ 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിലെത്തി പരിശോധന ആരംഭിച്ചു.

പ്രതിപക്ഷ നേതാവിനെ അംഗീകരിക്കണമെന്ന ആവശ്യവുമായി സ്പീക്കർക്ക് നൽകിയ കത്തിൽ ഉൾപ്പെടുത്തിയ ഒപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടി അന്വേഷണ ഏജൻസി നേരത്തെ നോട്ടീസ് നൽകിയിരുന്നു.

തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.

എം.എൽ.എമാരുടെ ഒപ്പുകൾ ശേഖരിച്ചത് പാർട്ടിയുടെ കേന്ദ്ര ഓഫീസിലാണെന്ന് അഭിഷേക് ബാനർജി മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായി അവിടെ പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മൂന്ന് പ്രത്യേക സി.ഐ.ഡി സംഘങ്ങളാണ് പരിശോധന നടത്തിയത്. ഒരു സംഘം മമത ബാനർജിയുടെ വസതിയിലും, മറ്റൊരു സംഘം അഭിഷേക് ബാനർജിയുടെ ഓഫീസിലും, മൂന്നാമത്തെ സംഘം അദ്ദേഹത്തിന്റെ വസതിയിലുമാണ് പരിശോധന നടത്തിയത്. പരിശോധന നടന്ന സമയത്ത് മമത ബാനർജി ഡൽഹിയിലായിരുന്നുവെന്നാണ് വിവരം.

മുതിർന്ന തൃണമൂൽ നേതാവ് ശോഭൻദേവ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന ആവശ്യവുമായി സ്പീക്കർക്ക് നൽകിയ കത്തിൽ നിരവധി എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി ചേർത്തുവെന്ന ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്.

സമർപ്പിച്ച രേഖ കെട്ടിച്ചമച്ചതാണെന്നും, 70 ഒപ്പുകളിൽ 14 എണ്ണം ബ്ലോക്ക് ലെറ്ററുകളിൽ രേഖപ്പെടുത്തിയതാണെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ എം.എൽ.എമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും സി.ഐ.ഡി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഇരു എം.എൽ.എമാരുടെയും പേരുകൾ പരസ്യമായതിന് പിന്നാലെ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന ആരോപണത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *