ന്യൂഡൽഹി: ലോക്സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമം ശക്തമാക്കിയതായി റിപ്പോർട്ട്. 1971-ലെ സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്താമെന്ന നിർദേശമാണ് കേന്ദ്രം ഡിഎംകെ നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നതെന്നാണ് സൂചന.
ഈ വിഷയത്തിൽ സമവായം രൂപപ്പെട്ടാൽ വർഷകാല പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഡിഎംകെയ്ക്ക് പുറമെ തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരുമായും കേന്ദ്രം അനൗപചാരിക ചർച്ചകൾ നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തൃണമൂൽ കോൺഗ്രസിനുള്ളിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയും ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ഭിന്നതയും രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ. തൃണമൂൽ വിമത ക്യാമ്പിലെ ചില എംപിമാർ കേന്ദ്രത്തിന്റെ നിലപാടിനോട് അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മണ്ഡല പുനർനിർണയ ബില്ലിനൊപ്പം വനിതാ സംവരണ ബിലും ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിലും വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് വിവരം.
നേരത്തെ ലോക്സഭയിൽ അവതരിപ്പിച്ച മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഏപ്രിലിൽ നടന്ന വോട്ടെടുപ്പിൽ 352 വോട്ടുകൾ ആവശ്യമായിരുന്നപ്പോൾ 298 അംഗങ്ങൾ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. 230 അംഗങ്ങൾ ബില്ലിനെ എതിർത്തിരുന്നു.
നിലവിൽ ലോക്സഭയിൽ ഡിഎംകെയ്ക്ക് 22 എംപിമാരും തൃണമൂൽ കോൺഗ്രസിന് 28 എംപിമാരുമുണ്ട്. ഈ കക്ഷികളിൽ നിന്ന് അധിക പിന്തുണ നേടാൻ കഴിഞ്ഞാൽ ബില്ലുകളുടെ ഭാവി കൂടുതൽ അനുകൂലമാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.















Leave a Reply