കോട്ടയം: എംജി സർവകലാശാല സെനറ്റ് നിയമനങ്ങളെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. വിദ്യാഭ്യാസ മേഖലയിലെ ഏതുതരത്തിലുള്ള കാവിവൽക്കരണത്തെയും സർക്കാർ എതിർക്കുമെന്നും അത്തരം പ്രവണതകളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ തങ്ങളുടെ ഭരണകാലത്ത് നടന്ന കാര്യങ്ങളും ഓർക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിൽ ഗവർണറുടെ ഇടപെടൽ ശക്തമായത് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം ആരോപിച്ചു.
ജന്മഭൂമിയുമായി ബന്ധപ്പെട്ടിരുന്ന വ്യക്തികൾ വരെ സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും എത്തിയ സംഭവങ്ങൾ അന്നുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഇപ്പോൾ പ്രതിഷേധിക്കുന്നവർ അന്ന് എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് ചോദിച്ചു. അന്നത്തെ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമരങ്ങൾ പെട്ടെന്ന് അവസാനിച്ചതായും അദ്ദേഹം പരിഹസിച്ചു.
ബി. അശോകിന്റെ നിയമനവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഏത് സ്ഥാനത്ത് നിയമിക്കണമെന്നത് സർക്കാരിന്റെ ഭരണപരമായ അവകാശമാണെന്നും, മുൻ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു ബി. അശോക് എന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ മാറിയ ശേഷവും മുൻ ഭരണകൂടം നിയമിച്ചവരെ മാത്രം തുടരണമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും, ഒരാളെ രാഷ്ട്രീയമായി മുദ്രകുത്തിയാൽ അത് യാഥാർഥ്യമാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, എംജി സർവകലാശാല സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നാമനിർദേശം ചെയ്ത പ്രതിനിധികളിൽ ഭൂരിഭാഗവും ബിജെപി പശ്ചാത്തലമുള്ളവരാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
വിവിധ മേഖലകളിൽ നിന്നായി നാമനിർദേശം ചെയ്ത 30 പേരിൽ 17 പേർക്കും ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിമർശകരുടെ ആരോപണം. എഴുത്തുകാരുടെ വിഭാഗത്തിൽ നിന്ന് ബിജെപി നേതാവ് ജെ. പ്രമീളാദേവിയെ ഉൾപ്പെടുത്തിയതും ചർച്ചയായിട്ടുണ്ട്. കൂടാതെ, മാതൃഭൂമി പത്രത്തിന്റെ കുട്ടനാട് പ്രാദേശിക ലേഖകൻ കെ. രംഗനാഥൻ കൃഷ്ണയും നോമിനി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
സർവകലാശാലയുടെ ഉയർന്ന ഭരണസമിതിയിലേക്കുള്ള നിയമനങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയെന്നാണ് വിമർശകർ ആരോപിക്കുന്നത്. വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.














Leave a Reply