കൊച്ചി: അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ-3 കപ്പലിലെ ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയുടെ റിപ്പോർട്ട് തേടി.
കപ്പലിലെ ഏഴ് ജീവനക്കാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. മർച്ചന്റ് ഷിപ്പിംഗ് നിയമപ്രകാരമുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ സ്വീകരിച്ച നടപടികളും അന്വേഷണം വൈകാൻ കാരണമായ സാഹചര്യങ്ങളും വിശദീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
അന്വേഷണം എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അന്വേഷണവുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിച്ചിരുന്നത്.
സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചുനൽകണമെന്നാണ് കപ്പൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യം. റഷ്യ, ഉക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് ഹർജിക്കാർ.
കഴിഞ്ഞ വർഷം മേയ് 25-ന് കേരള തീരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെയായി അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തെ തുടർന്ന് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ ഭാഗമായി തങ്ങളെ ഒരു വർഷത്തിലേറെയായി നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഹർജിക്കാരുടെ ആരോപണം.
ഹർജിയിൽ തുടർവാദം ചൊവ്വാഴ്ച നടക്കും. അതേസമയം, അന്വേഷണ പുരോഗതിയും ജീവനക്കാരുടെ യാത്രാനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും കോടതി വിശദമായി പരിശോധിക്കുമെന്ന് സൂചനയുണ്ട്.














Leave a Reply