സുഖേന്ദു ശേഖർ റേ പാർട്ടി വിട്ടു; രാജ്യസഭാ എം.പി സ്ഥാനവും രാജിവെച്ചു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ അംഗമായ സുഖേന്ദു ശേഖർ റേ എം.പി സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു. ടി.എം.സിയുമായുള്ള തന്റെ ദീർഘകാല രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ ഉയരുന്ന അസ്വസ്ഥതകൾക്കിടെയാണ് ഈ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്ന ആദ്യ പാർലമെന്റ് അംഗമെന്ന നിലയിലും സുഖേന്ദു ശേഖർ റേയുടെ തീരുമാനം ശ്രദ്ധേയമാണ്.

പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സുഖേന്ദു ശേഖർ റേ രാജിക്കത്ത് നൽകിയത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള 15 വർഷത്തെ തൃണമൂൽ ഭരണകാലം സംസ്ഥാനത്ത് അരാജകാവസ്ഥയ്ക്ക് കാരണമായെന്നാണ് അദ്ദേഹം ആരോപിച്ചത്. പാർട്ടിയിലെ സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന സുഖേന്ദു ശേഖർ റേയുടെ പിന്മാറ്റം തൃണമൂലിന് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

ഡൽഹിയിൽ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയുടെ നിർണായക യോഗം നടക്കാനിരിക്കെയാണ് ഈ രാജി എന്നത് രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടാനിടയുണ്ടെന്ന സൂചനകളും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നുണ്ട്. പശ്ചിമ ബംഗാളിൽ അധികാരം നഷ്ടമായതിന് പിന്നാലെ 58 എം.എൽ.എമാർ മമത ബാനർജിയുടെ നിലപാടിനെ മറികടന്ന് വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിരുന്നു. പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കാൻ തൃണമൂൽ എം.പിമാരിലെ ഒരു വിഭാഗം ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ജൂൺ 5ന് മമത ബാനർജിയുടെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ നിരവധി എം.എൽ.എമാർ പങ്കെടുക്കാതിരുന്നതോടെയാണ് പാർട്ടിയിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ പ്രകടമായത്.

Leave a Reply

Your email address will not be published. Required fields are marked *