‘സ്വന്തം നാട്ടിൽ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥ’; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സ്വന്തം നാടുകളിൽ ഭയമില്ലാതെ ജീവിക്കാനുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശം പോലും സംരക്ഷിക്കപ്പെടാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ ആരോപിച്ചു. ഇടുക്കി സൂര്യനെല്ലിയിൽ മകനെ സ്കൂളിൽ എത്തിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ അമ്മ മരിച്ച സംഭവത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലും ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷ ഉറപ്പാക്കുന്നതിൽ എൽ.ഡി.എഫും യു.ഡി.എഫും പരാജയപ്പെട്ടുവെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം അഞ്ച് പേർ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലും ബന്ധപ്പെട്ട വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.

വന്യജീവി ആക്രമണങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന കണക്കുകളും അദ്ദേഹം ഉദ്ധരിച്ചു. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ 1,128 പേർ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും 8,480 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നു. ഇതിൽ ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മാത്രം 260 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2020 മുതൽ 2025 വരെ കാട്ടാന ആക്രമണത്തിൽ 102 പേരും 2021 മുതൽ 2025 വരെ വിവിധ വന്യജീവി ആക്രമണങ്ങളിൽ 344 പേരും മരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ആവശ്യമായ അധികാരങ്ങളും ധനസഹായവും നൽകുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സോളാർ ഫെൻസിങ്, ബാരിക്കേഡുകൾ, ദ്രുതപ്രതികരണ സംഘങ്ങൾ, സംഘർഷ മേഖലകളിലെ നിരീക്ഷണം, ആനകളുടെ സഞ്ചാരപാതകളുടെ നിയന്ത്രണം തുടങ്ങിയ പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് പിന്തുടരാനായി വിശദമായ മാർഗനിർദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാരുകൾക്ക് നിലവിലുള്ള നിയമങ്ങൾ അധികാരം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ലഭ്യമായ അധികാരങ്ങളും കേന്ദ്രസഹായവും ഫലപ്രദമായി വിനിയോഗിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

‘വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും അനുവദിക്കേണ്ട നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതികൾ വ്യാപകമാണ്. ദുരന്തത്തിനിരയായ കുടുംബങ്ങൾ സഹായത്തിനും നഷ്ടപരിഹാരത്തിനുമായി മാസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഒരു ക്ഷേമസംസ്ഥാനത്തിന് യോജിച്ചതല്ല.

പ്രതിപക്ഷത്തായിരുന്നപ്പോൾ വന്യജീവി ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച കോൺഗ്രസും യു.ഡി.എഫും അധികാരത്തിലെത്തിയശേഷം അതേ വിഷയത്തിൽ നിസ്സംഗ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണകാലത്തും പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്താനായില്ലെന്നും മലയോര മേഖലയിലെ ജനങ്ങൾ ഇന്നും അതിന്റെ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷി മാറിയെങ്കിലും ജനങ്ങളുടെ അവസ്ഥയിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയോര മേഖലകളിലെ ജനങ്ങളുടെ സുരക്ഷയെ രാഷ്ട്രീയ വിഷയമാക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണ സാധ്യതകൾ മുൻകൂട്ടി കണ്ടെത്താൻ ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ നിരീക്ഷണ സംവിധാനങ്ങൾ, തത്സമയ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ വ്യാപകമായി നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അപകടകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനും അവ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയുന്നതിനുമായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്നത് സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെടുന്ന ഇടത്-വലത് മുന്നണികളുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയരുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *