മുണ്ടത്തിക്കോട് ദുരന്തബാധിതർക്കുള്ള സഹായധനം കൈമാറി എം.എ. യൂസഫലി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ദുരിതമനുഭവിക്കുന്നവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ സഹായധനം കൈമാറി.

അപകടത്തിൽ മരിച്ച 16 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും മറ്റ് ദുരിതബാധിതർക്കും 50,000 രൂപ വീതവുമാണ് ധനസഹായമായി നൽകിയത്. ദുരിതബാധിതർക്കായി സഹായം പ്രഖ്യാപിച്ച ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കും സംസ്ഥാന സർക്കാരിന്റെ നന്ദി മന്ത്രി അറിയിച്ചു.

വെടിക്കെട്ട് പൂർണമായി നിർത്തലാക്കുക എന്നത് സർക്കാരിന്റെ നയമല്ലെന്നും ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ തൃശൂർ എം.എൽ.എ രാജൻ പല്ലൻ, എ.ഡി.എം ആർ. മനോജ്, ഡെപ്യൂട്ടി കളക്ടർ ഡോ. പ്രീത സക്കറിയ, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒയും ഡയറക്ടറുമായ ഫഹാസ് അഷറഫ്, സി.എം.ഡി സെക്രട്ടറി ഇ.എ. ഹാരീസ്, മീഡിയ ഹെഡ് എൻ.ബി. സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *