കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസവും കനത്തതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയും കർണാടക തീരം മുതൽ ആന്ധ്ര തീരം വരെ വ്യാപിച്ചുകിടക്കുന്ന ന്യൂനമർദ പാത്തിയും ചേർന്നാണ് മഴ ശക്തമാകാൻ സാഹചര്യമൊരുക്കുന്നത്.

ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ സ്വാധീനഫലമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെയും ചിലയിടങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെയും മഴ ലഭിക്കാമെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കടലിൽ പോകരുത്

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഈ മാസം ഒമ്പതാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

അതേസമയം, കനത്ത മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദർശകർക്കുള്ള പ്രവേശനം നിർത്തിവെച്ചിട്ടുണ്ട്. ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുമാണ് ഈ തീരുമാനത്തിന് പിന്നിൽ.

ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് മലയോര മേഖലകളിലെ രാത്രികാല യാത്രകൾക്ക് ദുരന്ത നിവാരണ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ആറ് വരെ മലയോര മേഖലകളിലൂടെയുള്ള യാത്രകൾ നിയന്ത്രിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ വകുപ്പ് നിർദേശിച്ചു.

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി ജില്ലാ പൊലീസ് മേധാവി, ഇടുക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, ആർ.ടി.ഒ, ഇൻസിഡന്റ് കമാൻഡറായ തഹസിൽദാർമാർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ തദ്ദേശവാസികളും വിനോദസഞ്ചാരികളും ഗൗരവത്തോടെ കാണുകയും ആവശ്യമായ ജാഗ്രത പാലിക്കുകയും വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *