തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധത്തിൽ മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത വിമർശന മുദ്രാവാക്യങ്ങൾ ഉയർന്നു. നഗരസഭ അധ്യക്ഷമാരെ അപമാനിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രകടനത്തിനിടെ ജി. സുധാകരനെ ലക്ഷ്യമിട്ട് രൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ മുഴക്കിയത്. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ ആലപ്പുഴ നഗരസഭ അധ്യക്ഷമാരെ അപകീർത്തിപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്.
ഇതിനിടെ, പിണറായി വിജയനെതിരെ ജി. സുധാകരൻ നടത്തിയ പരാമർശങ്ങൾക്കെതിരെ സിപിഎം ആലപ്പുഴ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ സി.ബി. ചന്ദ്രബാബുവും രംഗത്തെത്തി. മുഖ്യമന്ത്രിയെ വിമർശിക്കാമെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും പരിഹാസങ്ങളിലേക്കും പോകുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
1991-ലെ കോഴിക്കോട് സംസ്ഥാന സമ്മേളനം മുതൽ സുധാകരന്റെ രാഷ്ട്രീയ നിലപാടുകൾ അടുത്തറിഞ്ഞ വ്യക്തിയാണ് താനെന്ന് ചന്ദ്രബാബു കുറിച്ചു. അഴിമതിവിരുദ്ധ പ്രതിച്ഛായയെന്നത് യാഥാർഥ്യത്തേക്കാൾ പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ സൗകര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ മാറ്റുന്ന പ്രവണതയാണ് സുധാകരനുള്ളതെന്നും ചന്ദ്രബാബു ആരോപിച്ചു.
അമ്പലപ്പുഴയിൽ നടന്ന ഒരു പരിപാടിക്കിടെ സംസാരിക്കവെയാണ് ജി. സുധാകരൻ സിപിഎം നേതൃത്വത്തെയും നിയമസഭയിലെ പാർട്ടി അംഗങ്ങളെയും വിമർശിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ‘നനഞ്ഞ കോഴി’യെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സിപിഎം എം.എൽ.എമാർക്ക് സഭയിൽ ഫലപ്രദമായി പ്രതികരിക്കാൻ കഴിയുന്നില്ലെന്നും വിമർശിച്ചിരുന്നു.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിയമസഭാ പ്രകടനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സിപിഎം നേതാക്കൾക്ക് കഴിയുന്നില്ലെന്നും, മുൻ ധനമന്ത്രി തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കിൽ സാഹചര്യം വ്യത്യസ്തമായേനെയെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
സി.പി.എമ്മിൽ അംഗീകാരമുള്ള യുവജന നേതൃത്വം ഇല്ലെന്നും പാർട്ടി പഴയ നേതൃത്വത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, കോൺഗ്രസിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പരാമർശിച്ചു. സുധാകരന്റെ ഈ പ്രസ്താവനകളും വിമർശനങ്ങളും പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.














Leave a Reply