കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ജൂൺ 15 മുതൽ പദ്ധതി

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. പദ്ധതിക്ക് അന്തിമ അംഗീകാരം ഈ മാസം 10ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എ.പി.എൽ, ബി.പി.എൽ എന്നീ വിഭാഗങ്ങൾക്കിടയിലെ വ്യത്യാസമോ മറ്റ് സാമ്പത്തിക-സാമൂഹിക മാനദണ്ഡങ്ങളോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ടിക്കറ്റ് വരുമാനത്തിൽ ഉണ്ടാകുന്ന നഷ്ടം മുഴുവൻ സർക്കാർ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓർഡിനറി സർവീസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ ഏകദേശം 712 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. എല്ലാ വിഭാഗം ബസുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചാൽ ഇത് 1300 കോടി രൂപവരെ ഉയരാനിടയുണ്ട്. നിലവിൽ ശമ്പളവും പെൻഷനും നൽകുന്നതിനായി പോലും സർക്കാർ സഹായം ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് സ്വന്തം വരുമാനത്തിൽ നിന്ന് ഈ ചെലവ് വഹിക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ ഇത് സർക്കാർ പദ്ധതിയായതിനാൽ മുഴുവൻ ചെലവും സർക്കാർ തന്നെ ഏറ്റെടുക്കുമെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *