വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖ് സ്റ്റീൽ പ്ലാന്‍റിൽ ഉണ്ടായ ദാരുണ അപകടത്തിൽ എട്ട് തൊഴിലാളികൾ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉരുകിയ ലോഹം നിറച്ച വലിയ ലാഡിൽ (ബക്കറ്റ്) നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായത്.
സ്റ്റീൽ പ്ലാന്‍റിലെ എസ്.എം.എസ്-1 യൂണിറ്റിൽ സ്ഫോടനവും തുടർന്നു തീപിടിത്തവും റിപ്പോർട്ട് ചെയ്തു. അതിനിടെയാണ് അത്യുച്ച താപനിലയിൽ ഉരുകിയ സ്റ്റീൽ കൊണ്ടുപോകുകയായിരുന്ന ലാഡിൽ പൊട്ടിത്തെറിച്ച് ലോഹം പുറത്തേക്ക് ചോർന്നത്. ഉരുകിയ ഇരുമ്പിന്റെ താപനില ഏകദേശം 1600 ഡിഗ്രി സെൽഷ്യസ് വരെയുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
മരിച്ച തൊഴിലാളികളുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ പലർക്കും 70 ശതമാനത്തിലധികം പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്. 2012ൽ ഓക്സിജൻ പ്ലാന്‍റിൽ ഉണ്ടായ സ്ഫോടനത്തിൽ 16 തൊഴിലാളികൾ മരിച്ചതിന് ശേഷം പ്ലാന്‍റിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ അപകടമാണിതെന്നാണ് വിലയിരുത്തൽ.















Leave a Reply