‘വിദേശത്തിരുന്ന് യുവാക്കളെ വഴിതെറ്റിക്കാൻ അനുവദിക്കില്ല, കളിപ്പാവകൾ അല്ല ഇന്ത്യൻ യുവത്വം’: സിജെപിക്കെതിരെ ബിജെപി

റാഞ്ചി: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു. ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ദില്ലിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. സാമ്പത്തിക ശക്തിയും രാഷ്ട്രീയ ലക്ഷ്യങ്ങളും ഉള്ള ചിലർ ‘ജെൻ-സീ’ എന്ന പേരിൽ യുവാക്കളെ ഉപയോഗിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന അഭിജീത് ദിപ്കെ (30) ആണ് ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ചിലർ ഇന്ത്യയിലെ യുവാക്കൾക്ക് മാർഗനിർദേശം നൽകാമെന്ന് കരുതുന്നതിനെ നിതിൻ നബിൻ വിമർശിച്ചു. ഏതാനും വ്യക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഇന്ത്യൻ യുവത്വം തയ്യാറല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇന്ത്യൻ യുവത്വം സർഗ്ഗാത്മക രാഷ്ട്രീയത്തിലേ പങ്കാളികളാകൂ’

പ്രതിഷേധങ്ങൾക്ക് പ്രതിപക്ഷ നേതാക്കൾ നൽകുന്ന പിന്തുണ ചൂണ്ടിക്കാട്ടി ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് നിതിൻ നബിൻ ആരോപിച്ചു. യുവാക്കളുടെ അധ്വാനവും കഴിവുമാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ നിഷേധാത്മക രാഷ്ട്രീയത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും ഇന്ത്യൻ യുവത്വം സർഗ്ഗാത്മക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മാത്രമേ പങ്കാളികളാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ വ്യവസ്ഥയിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിജീത് ദിപ്കെ ആരംഭിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന വെബ്‌സൈറ്റും അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വളരെ വേഗത്തിൽ ശ്രദ്ധ നേടിയിരുന്നു. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ദിപ്കെ അടുത്തിടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി നേതൃത്വം ആവർത്തിച്ചു. വികസിത ഇന്ത്യയുടെ നിർമാണത്തിൽ യുവാക്കൾ കൂടുതൽ സജീവമായി പങ്കാളികളാകണമെന്നും നിതിൻ നബിൻ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *