പാലക്കാട്: ഓൺലൈൻ ഹാജർ സംവിധാനത്തിൽ ക്രമക്കേട് നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊതുവിതരണ വകുപ്പ് നടപടി തുടങ്ങി. ജീവനക്കാരുടെ യഥാർഥ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഹാജർ രേഖപ്പെടുത്തൽ കൂടുതൽ സുതാര്യമാക്കുന്നതിനുമായി നടപ്പിലാക്കിയ ഫെയ്സ് റെക്കഗ്നിഷൻ അധിഷ്ഠിത ഓൺലൈൻ ഹാജർ സംവിധാനമായ ‘ഫെയ്സാപ്പി’യിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
ആധാർ ഫെയ്സ് ആർ.ഡി, ആധാർ ബി.എ.എസ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സ്പാർക്ക് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്ന പ്രക്രിയയിലാണ് പൊതുവിതരണ വകുപ്പിലെ ഓൺഡ്യൂട്ടിയുടെ പേരിൽ തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. തൃശൂർ പൊതുവിതരണ ഓഫീസിലും നെയ്യാറ്റിൻകരയിലുമാണ് ഇത്തരം ക്രമക്കേടുകൾ നടന്നതായി പരാതികൾ ഉയർന്നിരിക്കുന്നത്.
ഇതിനെ തുടർന്ന് മറ്റ് പൊതുവിതരണ ഓഫീസുകളിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വകുപ്പ് ഒരുങ്ങുകയാണ്. ഫെയ്സാപ്പിയിലെ ഹാജർ രേഖകൾ, ഓൺഡ്യൂട്ടി അപേക്ഷകൾ, അംഗീകാര സമയം, ലോഗിൻ വിവരങ്ങൾ, ലൊക്കേഷൻ ഡാറ്റ, ഡിജിറ്റൽ ട്രെയിലുകൾ തുടങ്ങിയവ വിശദമായി പരിശോധിക്കാൻ ഐ.ടി വിദഗ്ധരുടെ സഹായത്തോടെ ഫോറൻസിക് അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.














Leave a Reply