ചരിത്രമെഴുതാൻ മെസി; അർജന്റീനയുടെ ലോകകപ്പ് യാത്രയ്ക്ക് തുടക്കം
കൻസാസ് സിറ്റി: ലോകകപ്പ് കിരീടം നിലനിർത്താനുള്ള ദൗത്യവുമായി അർജന്റീന നാളെ ആദ്യ മത്സരത്തിനിറങ്ങും. കൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാവിലെ 6.30ന് നടക്കുന്ന പോരാട്ടത്തിൽ അൾജീരിയയാണ് എതിരാളികൾ. എന്നാൽ മത്സരത്തിന്റെ പ്രധാന ആകർഷണം ഒരാളാണ് — ലയണൽ മെസി.
അർജന്റീനയുടെ നീല-വെളുപ്പ് ജേഴ്സിയിൽ മെസിയുടെ 200-ാം അന്താരാഷ്ട്ര മത്സരമെന്ന ചരിത്ര നിമിഷത്തിനാണ് ലോക ഫുട്ബോൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. ഒരു രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള മെസിക്ക് മുന്നിൽ ഇനി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (228), കുവൈത്തിന്റെ ബാദർ അൽ മുത്വ (202) എന്നിവരാണ് ഉള്ളത്. ഈ ലോകകപ്പിൽ തന്നെ ബാദർ അൽ മുത്വയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ.
ചുവപ്പുകാർഡിൽ തുടങ്ങിയ യാത്ര, ഇതിഹാസമായി വളർന്ന കഥ
2005ൽ ഹംഗറിക്കെതിരെയായിരുന്നു മെസിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വെറും 25 മിനിറ്റിനുള്ളിൽ ചുവപ്പുകാർഡ് കണ്ട് പുറത്താകേണ്ടിവന്നത് വിധിയുടെ കൗതുകമായിരുന്നു.
അതിനുശേഷം ഫുട്ബോൾ ചരിത്രം തന്നെ മാറ്റിയെഴുതുന്ന ഉയർച്ചയ്ക്കാണ് ലോകം സാക്ഷിയായത്. 199 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളും 64 അസിസ്റ്റുകളും സ്വന്തമാക്കിയ മെസി, അർജന്റീനയ്ക്കായി 16,380 മിനിറ്റിലേറെ കളിച്ചിട്ടുണ്ട്.
2022ലെ ലോകകപ്പ് കിരീടം, 2021-ലെയും 2024-ലെയും കോപ അമേരിക്ക വിജയങ്ങൾ, ഫൈനലിസിമ നേട്ടം എന്നിവ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിലെ പൊൻതൂവലുകളാണ്. ആറാം ലോകകപ്പിനിറങ്ങുന്ന മെസി ഇതിനോടകം അഞ്ച് ലോകകപ്പുകളിലായി 26 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
‘അവനെ കാണാൻ ലോകം മുഴുവൻ കാത്തിരിക്കുന്നു’
സാധാരണ വാർത്താസമ്മേളനങ്ങളിൽ വികാരപ്രകടനങ്ങൾ ഒഴിവാക്കുന്ന അർജന്റീന പരിശീലകൻ ലയണൽ സ്കലോണി, മെസിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരെ ഏറ്റവും കൂടുതൽ സ്പർശിച്ചത്.
“അർജന്റീനയിലെ ജനങ്ങൾ മാത്രമല്ല, ഈ ലോകം മുഴുവൻ അവൻ കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്. മെസിക്ക് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം അതുല്യമാണ്. അവനെക്കുറിച്ച് നെഗറ്റീവായി ഒന്നും പറയാനില്ല. അവൻ എപ്പോഴും ടീമിനൊപ്പമുണ്ട്. ഞങ്ങളുടെ ഏറ്റവും നിർണായക താരമാണ് അവൻ,” എന്നാണ് സ്കലോണിയുടെ പ്രതികരണം.
പരിക്ക് മാറി; മെസി പൂർണ ഫിറ്റ്നസിൽ
ലോകകപ്പിന് മുന്നോടിയായി ഹാംസ്ട്രിങ് പരിക്കിന്റെ ചെറിയ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും മെസി ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് പരിശീലകസംഘം വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച ഐസ്ലൻഡിനെതിരായ സന്നാഹ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അദ്ദേഹം പെനൽറ്റിയിലൂടെ ഗോൾ നേടി തന്റെ തയ്യാറെടുപ്പ് തെളിയിച്ചിരുന്നു.
കൻസാസ് സിറ്റിയുടെ തെരുവുകൾ ഇതിനോടകം മെസി ആരാധകരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. അർജന്റീന, ബാഴ്സലോണ, ഇന്റർ മയാമി ജേഴ്സികൾ ധരിച്ച ആയിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിന് ചുറ്റും ആവേശം പകരുകയാണ്.
അപൂർവ നേട്ടം ലക്ഷ്യമിട്ട് അർജന്റീന
ലോകകപ്പ് കിരീടം തുടർച്ചയായി നിലനിർത്തിയ ചരിത്രം ഇറ്റലിക്കും ബ്രസീലിനുമാത്രമാണ് സ്വന്തമായുള്ളത്. 1930-കളിൽ ഇറ്റലിയും, പിന്നീട് പെലെയുടെ നേതൃത്വത്തിൽ 1962ൽ ബ്രസീലും ആ നേട്ടം സ്വന്തമാക്കി.
ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി ലോക ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഇത്തവണ കിരീടം നിലനിർത്താനായാൽ, ഫുട്ബോളിലെ ആ അപൂർവ ചരിത്ര പട്ടികയിൽ ഇടംപിടിക്കാനാകും. ആ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവിൽ വീണ്ടും ഒരിക്കൽ കൂടി നിൽക്കുന്നത് ലയണൽ മെസിയെന്ന ഫുട്ബോൾ മിശിഹ തന്നെയാണ്.








Leave a Reply