ഒറ്റ ലോകകപ്പിൽ ഒമ്പത് ഗോൾ; റൊണാൾഡോയ്ക്കും മറികടക്കാനാകാത്ത പോർച്ചുഗലിന്റെ ഗോൾയന്ത്രം

വിശ്വഫുട്ബോളിൽ പോർച്ചുഗലിന്റെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ പോലും മറികടക്കാൻ കഴിയാതെ ഇന്നും അജയ്യനായി നിൽക്കുന്ന ഒരു ലോകകപ്പ് റെക്കോർഡുണ്ട്. വിശ്വവേദിയിൽ പറങ്കിപ്പടയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന നേട്ടം ഇപ്പോഴും യൂസേബിയോ ഡാ സിൽവ ഫെരെയ്‌റയുടെ പേരിലാണ്.

1966ലെ ഫിഫ ലോകകപ്പിലായിരുന്നു യൂസേബിയോയുടെ അത്ഭുത പ്രകടനം. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങിയ പോർച്ചുഗലിനായി യൂസേബിയോ ഒറ്റ ടൂർണമെന്റിൽ ഒമ്പത് ഗോളുകളാണ് നേടിയത്. ലോകകപ്പ് ചരിത്രത്തിൽ പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച പ്രകടനത്തിനും ആ ഗോൾവേട്ട വഴിയൊരുക്കി. യൂസേബിയോയുടെ മികവിൽ മൂന്നാം സ്ഥാനത്താണ് അന്ന് പറങ്കിപ്പട ഫിനിഷ് ചെയ്തത്.

തുടർന്നുവന്ന തലമുറകളിൽ പൗലേറ്റ, ലൂയിസ് ഫിഗോ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി നിരവധി ലോകോത്തര താരങ്ങൾ പോർച്ചുഗൽ ജേഴ്സിയിൽ ലോകകപ്പ് കളിച്ചെങ്കിലും യൂസേബിയോയുടെ ഗോൾനേട്ടം മറികടക്കാൻ ആർക്കും കഴിഞ്ഞില്ല.

അഞ്ച് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി ലോകകപ്പിൽ ഇതുവരെ എട്ട് ഗോളുകളാണ് നേടിയത്. ഇതോടെ യൂസേബിയോയുടെ റെക്കോർഡിന് ഒരു ഗോൾ പിന്നിലാണ് അദ്ദേഹം. ലോകകപ്പ് ചരിത്രത്തിലെ പോർച്ചുഗലിന്റെ എക്കാലത്തെയും രണ്ടാമത്തെ ഉയർന്ന ഗോൾവേട്ടക്കാരനും റൊണാൾഡോ തന്നെയാണ്.

നാല് ഗോളുകളുമായി പൗലേറ്റ മൂന്നാം സ്ഥാനത്തുണ്ട്. ഹോസെ അഗസ്റ്റോ, ഹോസെ ടോറസ്, ഗോൺസാലോ റാമോസ് എന്നിവർ മൂന്ന് ഗോളുകൾ വീതം നേടി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഫിഫ ലോകകപ്പ് 2026നെ മുന്നിൽക്കണ്ട് വീണ്ടും പോർച്ചുഗലിന്റെ പ്രതീക്ഷയായി റൊണാൾഡോ മാറുമ്പോൾ, യൂസേബിയോയുടെ ഒമ്പത് ഗോളെന്ന ചരിത്രനേട്ടം ഒടുവിൽ മറികടക്കുമോയെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. അഞ്ച് ലോകകപ്പുകളിലും സാധിക്കാതെ പോയത്, മറ്റൊരു വിശ്വകിരീടപ്പോരിൽ റൊണാൾഡോയ്ക്ക് സ്വന്തമാക്കാനാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *