ബജറ്റ് തിരക്കിൽ മുഖ്യമന്ത്രി; ജൂൺ 19 വരെ സന്ദർശകർക്ക് നേരിട്ടുള്ള കൂടിക്കാഴ്ച ഇല്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശനെ ജൂൺ 19 വരെ സന്ദർശകർക്ക് നേരിൽ കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളാണ് ഇതിന് കാരണമെന്ന് ഓഫീസ് വിശദീകരിച്ചു.

സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റിന്റെ അന്തിമ തയ്യാറെടുപ്പുകളിലാണ് മുഖ്യമന്ത്രിയെന്നും, അതിനാൽ താൽക്കാലികമായി നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കുകയാണെന്നും അറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ പൊതുജനങ്ങളുടെ സഹകരണവും പിന്തുണയും അഭ്യർഥിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

വി. ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി തന്നെയാണ് ബജറ്റ് അവതരിപ്പിക്കുക.

യു.ഡി.എഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ഇന്ദിരാ ഗാരന്റി പദ്ധതികൾ, കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന ക്ഷേമ പദ്ധതികൾ എന്നിവയ്ക്കുള്ള ധനവിനിയോഗം ബജറ്റിൽ പ്രധാനമായി ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തിന്റെ സാമ്പത്തിക ദിശ നിർണയിക്കുന്ന ആദ്യ ബജറ്റായതിനാൽ രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങൾ അതീവ ശ്രദ്ധയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *