‘എല്ലാ കെഎസ്ആർടിസി ബസിലും സൗജന്യ യാത്ര വേണം’; മഹിളാ മോർച്ച പ്രതിഷേധം

കോട്ടയം: സ്ത്രീകൾക്കുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്ര പദ്ധതി കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ച പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധത്തിനിടെ പ്രവർത്തകർ ബസിൽ കയറി ഫ്രീ ടിക്കറ്റ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് സമയത്ത് സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് വാഗ്ദാനം നൽകിയതെന്നും, എന്നാൽ പദ്ധതി ഓർഡിനറി ബസുകളിലേക്ക് മാത്രം പരിമിതപ്പെടുത്തിയതിലൂടെ സ്ത്രീകളെ വഞ്ചിച്ചുവെന്നുമാണ് മഹിളാ മോർച്ചയുടെ ആരോപണം.

എല്ലാ വിഭാഗം കെ.എസ്.ആർ.ടി.സി ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് പ്രവർത്തകർ വ്യക്തമാക്കി. ബസ് തടഞ്ഞിട്ടില്ലെന്നും, ഫ്രീ ടിക്കറ്റ് ആവശ്യപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.

സ്ത്രീകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച ആനുകൂല്യം പൂർണമായി നടപ്പാക്കണമെന്നും, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകരുതെന്നും മഹിളാ മോർച്ച ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതായി ആരോപിച്ച് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മഹിളാ മോർച്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. അന്ന് വിവിധ ജില്ലകളിൽ ടിക്കറ്റ് എടുക്കാതെ ബസുകളിൽ യാത്ര ചെയ്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം പദ്ധതി നടപ്പിലാക്കിയെങ്കിലും, എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലേക്കും സൗജന്യ യാത്ര വ്യാപിപ്പിക്കണമെന്ന പുതിയ ആവശ്യവുമായാണ് മഹിളാ മോർച്ച ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *