തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശദമായി വിലയിരുത്തുന്നതിനായി സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തലസ്ഥാനത്ത് ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന എക്സിക്യൂട്ടീവ്, സംസ്ഥാന കൗൺസിൽ യോഗങ്ങളാണ് അടുത്ത മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്.
ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന എക്സിക്യൂട്ടീവും ചേരും. തുടർന്ന് അടുത്ത രണ്ട് ദിവസങ്ങളിലായി സംസ്ഥാന കൗൺസിൽ യോഗം നടക്കും. ഓരോ മണ്ഡലങ്ങളിലും ഉണ്ടായ വിജയ-പരാജയ കാരണങ്ങൾ പ്രത്യേകം പരിശോധിക്കാൻ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തലത്തിൽ നടത്തിയ അവലോകന റിപ്പോർട്ടുകൾ സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ, സംഘടനാപരമായ വീഴ്ചകൾ, പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകളിലെ പാളിച്ചകൾ തുടങ്ങിയ വിഷയങ്ങൾ വിവിധ ജില്ലാ നേതൃയോഗങ്ങളിൽ വിമർശനവിധേയമായിരുന്നു.
പ്രത്യേകിച്ച് ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പ്രതീക്ഷിച്ച ഫലം നൽകാനായില്ലെന്ന വിലയിരുത്തലും റിപ്പോർട്ടുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലാ ഘടകങ്ങൾ നിർദേശിച്ച കാര്യങ്ങൾ സംസ്ഥാന തലത്തിൽ ആവശ്യമായ രീതിയിൽ പരിഗണിക്കപ്പെടാതിരുന്നതും ചർച്ചയാകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ ഉപനേതൃപദവി സ്വന്തമാക്കുന്നതിൽ പാർട്ടിക്ക് സാധിക്കാതിരുന്നതും നേതൃയോഗങ്ങളിൽ പ്രധാന ചർച്ചാവിഷയമാകും. ഇതോടൊപ്പം നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിനോട് പാർട്ടി സ്വീകരിക്കേണ്ട രാഷ്ട്രീയ-നിയമസഭാ സമീപനവും യോഗങ്ങൾ തീരുമാനിക്കും.
തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് സംഘടനാ തലത്തിൽ ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഈ നിർണായക യോഗങ്ങൾ നടക്കുന്നത്.













Leave a Reply