‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’; പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യരും

കൊച്ചി: ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് ആദ്യമായി മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി കൈകോർത്ത് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’ പ്രഖ്യാപിച്ചു. സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഈറേ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷന്’ ഉണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഐതിഹ്യങ്ങളും മിത്തുകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമായ ഒടിയന്റെ കഥ ആഗോള പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.

മലയാള സിനിമയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയോടുള്ള ആദരവാണ് ഈ സംരംഭത്തിലൂടെ പ്രകടമാക്കുന്നതെന്ന് ധർമ്മ പ്രൊഡക്ഷൻസ് മേധാവി കരൺ ജോഹർ പറഞ്ഞു. വലിയ കാൻവാസിൽ ഈ ഫോക്‌ലോർ ചിത്രം അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് സുകുമാരനും സംവിധായകൻ രാഹുൽ സദാശിവനും പ്രതികരിച്ചു.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഹാരിസ് ദേശവും വാർത്താ പ്രചരണ ചുമതല ഹെയിൻസും നിർവഹിക്കും.

അതേസമയം, രാഹുൽ സദാശിവന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം ‘ഡീയസ് ഈറേ’ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലായിരുന്നു നായകൻ. ആഗോളതലത്തിൽ 80 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രം പ്രണവിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായും വിലയിരുത്തപ്പെട്ടു.

ഹൊറർ ത്രില്ലർ വിഭാഗത്തിൽ വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച സംവിധായകനായ രാഹുൽ സദാശിവൻ, ഇത്തവണ കേരളത്തിന്റെ ഫോക്‌ലോർ പാരമ്പര്യത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *