തൃണമൂലിലെ പ്രതിസന്ധി കടുക്കുന്നു; മമതയ്ക്കും നേതാക്കൾക്കും വക്കീൽ നോട്ടീസ് അയച്ച് വിമത എംപിയുടെ മകൻ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടി അധ്യക്ഷ മമത ബാനർജി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് വിമത എംപിമാരുടെ നേതൃത്വത്തിലുള്ള കക്കോലി ഘോഷ് ദസ്തിദാറിന്റെ മകൻ ഡോ. ബൈദ്യനാഥ് ഘോഷ് ദസ്തിദാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടുവെന്ന ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.

മമത ബാനർജിക്കു പുറമേ തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്ര, കല്യാൺ ബാനർജി, സൗഗത റോയ്, സൊണാലി ഗുഹ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലെന്നും ബൈദ്യനാഥ് നോട്ടീസിൽ വ്യക്തമാക്കുന്നു.

15 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അതല്ലെങ്കിൽ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

താനും സഹോദരനും അമ്മയും സ്ഥിരമായി മദ്യപിക്കുമെന്ന സൊണാലി ഗുഹയുടെ പരാമർശം അപകീർത്തികരവും വസ്തുതാവിരുദ്ധവുമാണെന്നും ബൈദ്യനാഥ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രസ്താവനകൾ തന്റെ വ്യക്തിപരവും സാമൂഹികവുമായ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ബരാസത്ത് മണ്ഡലത്തിൽ മത്സരിക്കാനായി ബൈദ്യനാഥ് സീറ്റ് തേടിയെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം. എന്നാൽ രാഷ്ട്രീയ രംഗത്തേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ള ചിലർ തന്നെ സമീപിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഇതിനിടെ കക്കോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 19 വിമത എംപിമാർ പാർട്ടി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ദില്ലിയിൽ യോഗം ചേരുന്ന വിമത എംപിമാർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *