സോണിയയെയും രാഹുലിനെയും സന്ദർശിച്ച് വിജയ്; സിപിഐ ആസ്ഥാനത്തും എത്തി, ശ്രദ്ധ നേടി ദില്ലി സന്ദർശനം

ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയും സന്ദർശിച്ചു. ബുധനാഴ്ച വൈകുന്നേരം സോണിയ ഗാന്ധിയുടെ 10 ജൻപഥിലെ വസതിയിലെത്തിയാണ് വിജയ് ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് സിപിഐ ആസ്ഥാനമായ അജോയ് ഭവനിലെത്തിയ അദ്ദേഹത്തെ ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാനാണ് വിജയ് ദില്ലിയിലെത്തിയിരിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദില്ലിയിലെത്തിയപ്പോൾ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും വിജയ് കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അന്ന് അത് നടന്നിരുന്നില്ല. എന്നാൽ രണ്ടാം ദില്ലി സന്ദർശനത്തിനിടെയാണ് ഇരുവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെയും വിജയ് സന്ദർശിക്കുകയും ചെയ്തു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ), കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് വേദിയിൽ പ്രത്യേക ഇരിപ്പിടം നൽകിയതും ശ്രദ്ധ നേടിയിരുന്നു. ടിവികെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ ഉൾപ്പെടുത്തിയതിനൊപ്പം തമിഴ്നാട്ടിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റും കോൺഗ്രസിന് നൽകിയിരുന്നു.

മൂന്ന് ദിവസത്തെ ദില്ലി സന്ദർശനത്തിലാണ് വിജയ്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗത്തിലും അദ്ദേഹം പങ്കെടുക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനവും ക്ഷേമപദ്ധതികളും സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ വിജയ് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന വിജയ്, ഇത്തവണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *