‘പാകിസ്താനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുകില്ല’; സിന്ധു നദീജല കരാറിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നദീജല പങ്കിടലിൽ വരുംകാലത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ. സിന്ധു നദിയിൽ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും ഇനി പാകിസ്താനിലേക്ക് ഒഴുകാതിരിക്കാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതൽ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ഈ നിലപാട് സ്വീകരിച്ചത്. 26 പേരുടെ ജീവൻ നഷ്ടമായ ആക്രമണത്തിന് ശേഷം പാകിസ്താനുമായുള്ള ജലകരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വിഷയവുമായി ബന്ധപ്പെട്ട നടപടികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാകിസ്താനിലേക്കുള്ള ജലപ്രവാഹം ഭാവിയിൽ പൂർണമായും അവസാനിപ്പിക്കാനാണ് ലക്ഷ്യമെന്നും ഇതിനാവശ്യമായ നിർമാണ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വ്യക്തമാക്കി.

1960ൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ പ്രകാരം സിന്ധു നദിയുടെയും അതിന്റെ അഞ്ച് പോഷകനദികളായ സത്‌ലജ്, ബിയാസ്, രാവി, ഝലം, ചെനാബ് എന്നിവയുടെയും ജലവിതരണ രീതി നിർവചിച്ചിരിക്കുന്നു. കിഴക്കൻ നദികളായ രാവി, ബിയാസ്, സത്‌ലജ് എന്നിവയിലെ വെള്ളം ഇന്ത്യക്ക് പൂർണമായി ഉപയോഗിക്കാം. അതേസമയം പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലവിനിയോഗത്തിൽ പ്രധാന അവകാശം പാകിസ്താനാണ്. എന്നാൽ ഈ നദികളിൽ നിന്ന് കൃഷി ആവശ്യങ്ങൾക്കും ജലവൈദ്യുത പദ്ധതികൾക്കുമായി നിശ്ചിത അളവിൽ വെള്ളം ഉപയോഗിക്കാൻ ഇന്ത്യക്കും അനുമതിയുണ്ട്. ഈ വ്യവസ്ഥകൾ പരമാവധി പ്രയോജനപ്പെടുത്തി പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം ഇന്ത്യയുടെ ആവശ്യങ്ങൾക്കായി തിരിച്ചുവിടാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *