ദില്ലി: മധ്യപ്രദേശിലെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പത്രിക തള്ളിയത് പൂർണമായും തെറ്റായ നടപടിയാണെന്നും മീനാക്ഷി നടരാജനെതിരെ യാതൊരു ക്രിമിനൽ കേസും നിലവിലില്ലെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി. വിശദീകരണം തേടിയുള്ള ഒരു നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളിൽ പോലും ഇല്ലാത്ത വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പത്രിക തള്ളിയതെന്ന് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിൽ പ്രതിയായാൽ മാത്രമേ ഇത്തരത്തിലുള്ള നടപടി ആവശ്യമായി വരൂവെന്നും, ഈ കേസിൽ കുറ്റപത്രം സമർപ്പിക്കുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, ജാർഖണ്ഡിൽ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പരിമൾ നഥ്വാനിയുടെ പത്രിക സ്വീകരിച്ചു. കോൺഗ്രസ് ഉന്നയിച്ച എതിർപ്പ് തള്ളിയാണ് പത്രിക സ്വീകരിച്ചിരിക്കുന്നത്.















Leave a Reply