ഡി.കെ മന്ത്രിസഭയിൽ വീണ്ടും അതൃപ്തി? കൃഷ്ണ ബൈരെ ഗൗഡ ഡൽഹിയിലേക്ക്

ബംഗളൂരു: കർണാടക മന്ത്രിസഭയിൽ രാമലിംഗ റെഡ്ഡിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കിയതിന് പിന്നാലെ, വകുപ്പ് വിഭജനത്തെ ചൊല്ലി പുതിയ അസന്തോഷം ഉയരുന്നതായി റിപ്പോർട്ട്. ഗ്രേറ്റർ ബംഗളൂരു വികസന വകുപ്പ് ലഭിച്ച മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഇതുവരെ ഔദ്യോഗികമായി ചുമതലയേറ്റിട്ടില്ലെന്നാണ് വിവരം.

വകുപ്പ് വിഭജനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച കൃഷ്ണ ബൈരെ ഗൗഡ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡൽഹിയിലെത്തി. പുതിയ വകുപ്പിന്റെ അധികാരപരിധി സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടാണ് അദ്ദേഹം പാർട്ടി നേതൃത്വവുമായി ചർച്ച നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബംഗളൂരു വികസനവുമായി ബന്ധപ്പെട്ട പ്രധാന സ്ഥാപനങ്ങളായ ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ), ബംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (ബി.എം.ആർ.ഡി.എ) എന്നിവയുടെ നിയന്ത്രണം പുതിയ വകുപ്പിന് നൽകാത്തതാണ് തർക്കത്തിന് വഴിവെച്ചത്. ഈ സാഹചര്യത്തിൽ വികസന വകുപ്പിന്റെ യഥാർഥ അധികാരങ്ങളും ചുമതലകളും വ്യക്തമാക്കണമെന്നാണ് കൃഷ്ണ ബൈരെ ഗൗഡയുടെ ആവശ്യം. നഗര കോർപറേഷനുകൾ, ജലവിതരണ ബോർഡ്, മെട്രോ റെയിൽ തുടങ്ങിയ സ്ഥാപനങ്ങൾ വകുപ്പിന് കീഴിലുണ്ടെങ്കിലും, പരമ്പരാഗതമായി ബംഗളൂരു വികസന മന്ത്രിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ബി.ഡി.എയും ബി.എം.ആർ.ഡി.എയും ഒഴിവാക്കിയതിലാണ് അദ്ദേഹത്തിന്റെ അതൃപ്തി.

കൃഷ്ണ ബൈരെ ഗൗഡയ്ക്കൊപ്പം കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദും ഡൽഹിയിലെത്തിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിൽ തനിക്കും സ്ഥാനം നൽകണമെന്ന ആവശ്യം റിസ്വാൻ അർഷാദ് ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ ബംഗളൂരു വികസന വകുപ്പ് ലഭിക്കാത്തതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി പരസ്യമായി അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നീട് പാർട്ടി നേതൃത്വം നടത്തിയ ഇടപെടലിനെ തുടർന്ന് അദ്ദേഹത്തെ അനുനയിപ്പിക്കാനായി. ഇതോടെ മന്ത്രിസഭയിലെ പ്രതിസന്ധി അവസാനിപ്പിച്ച് രാമലിംഗ റെഡ്ഡി രാജി തീരുമാനം പിൻവലിക്കുകയായിരുന്നു. പാർട്ടി നേതൃത്വവുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത്.

സിദ്ധാരാമയ്യയിൽ നിന്ന് അധികാര കൈമാറ്റം നടന്നതിന് ശേഷം മുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിന്റെ മന്ത്രിസഭയിൽ, ബംഗളൂരു വികസന വകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന രാമലിംഗ റെഡ്ഡിക്ക് മേജർ ആൻഡ് മീഡിയം ഇറിഗേഷൻ വകുപ്പ് ലഭിച്ചതാണ് അസംതൃപ്തിക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റ് മുതിർന്ന നേതാക്കളും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം രാജിയിൽ നിന്ന് പിന്മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *