ബംഗാളിലും വിസ്മയം? കോൺഗ്രസിലേക്ക് മടങ്ങുമോ മമത? സോണിയയുമായി 10 ജൻപഥിൽ കൂടിക്കാഴ്ച, ലയന നിർദ്ദേശങ്ങൾക്കിടെയുള്ള ചർച്ചയിൽ ആകാംക്ഷ; വിമത ശല്യം രൂക്ഷം

ദില്ലി: തെര‍ഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരിച്ചടികളുടെ പത്മവ്യൂഹത്തിൽ കുരുങ്ങിക്കിടക്കുകയാണ് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബി ജെ പിയുടെ കരുനീക്കത്തിൽ എം പിമാരും എം എൽ എമാരും കൂറുമാറുന്ന കാഴ്ചയാണ് ഓരോദിവസവും ബംഗാളിൽ കാണുന്നത്. ഇതിൽ നിന്ന് രക്ഷയെന്തെന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന മമതക്കും തൃണമൂൽ കോൺഗ്രസിനും മുന്നിൽ പലരും വയ്ക്കുന്ന ഉത്തരം കോൺഗ്രസിൽ ലയിക്കുക എന്നതാണ്. ബി ജെപി നീക്കം പൊളിക്കാൻ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് അടക്കം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ മമത ബാനർജി ഇന്ന് സോണിയ ഗാന്ധിയെ കണ്ടത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കി. 2021 ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത, സോണിയയെ കണ്ടത്. ടി എം സി, കോൺഗ്രസിൽ ലയിക്കണമെന്ന നിർദ്ദേശം ഉയരുന്നതിനിടെയുള്ള മമതയുടെ സന്ദർശനത്തിന്‍റെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പ്രതികരിക്കാൻ മമതയും ടി എം സിയും കോൺഗ്രസും തയ്യാറായിട്ടില്ല.

വിമതർ പെരുകുന്നു

അതേസമയം തൃണമൂൽ കോൺഗ്രസ് പാർലമെൻററി പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനുള്ള മമത ബാനർജിയുടെ ശ്രമം ഫലം കണ്ടില്ല. കൂടുതൽ എം പിമാർ വിമത പക്ഷത്ത് ചേരുകയാണ്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത യൂസഫ് പഠാനടക്കം ദില്ലിയിലെത്തി വിമർതർക്കൊപ്പം ചേർന്നതിനാണ് ഇന്നത്തെ ദിവസം സാക്ഷ്യം വഹിച്ചത്. എന്നാൽ അയോഗ്യത മറികടക്കാൻ ആവശ്യമായ 20 പേർ വിമത പക്ഷത്തുണ്ടോ എന്നതിൽ വ്യക്തതയില്ല. സ്പീക്കറെ നേരിട്ട് കണ്ട് സംഖ്യ ബോധ്യപ്പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഇന്ന് നടന്നില്ല. അഭിഷേക ബാനർജി വിമത എം പിമാരെ വിളിച്ചെങ്കിലും അനുനയ നീക്കം ഇവർ തള്ളി. ഓപ്പറേഷൻ താമര വിജയിച്ചിട്ടില്ലെന്നാണ് മമത പക്ഷത്തുള്ള കീർത്തി ആസാദ് അവകാശപ്പെട്ടത്. വിമത എം പിമാരെ വഞ്ചകർ എന്നു വിളിച്ച മമത പക്ഷം, സ്പീക്കർക്ക് നൽകിയ കത്ത് പുറത്തുവിടാൻ കകോലി ഘോഷിനെ വെല്ലുവിളിച്ചു. ടി എം സി ചീഫ് വിപ്പായി വിമത എം പി കകോലി ഘോഷ് ദസ്തിദാറിനെ അംഗീകരിക്കരുതെന്ന് മമത പക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിമത എം പിമാർ ലോക്സഭ സ്പീക്കറെ നേരിൽ കണ്ട് കത്ത് കൊടുക്കുന്നത് വൈകുകയാണ്.

എൻ ഡി എ അംഗസംഖ്യ ഉയരുമോ?

ടി എം സിയിലെ ഇരുപത് എം പിമാർ കൂടി എത്തിയാൽ എൻ ഡി എ സംഖ്യ ലോക്സഭയിൽ 313 ആയി ഉയരും. വൈ എസ് ആർ സി പി അംഗങ്ങളും സ്വതന്ത്രരും ചേർന്ന് പത്തു പേർ കൂടി എൻ ഡി എ പക്ഷത്ത് നിൽക്കും. ഡി എം കെയുടെ 22 എം പിമാരിലും ബി ജെ പി കണ്ണുവെച്ചിട്ടുണ്ട്. ഇവർ കൂടി വന്നാൽ നിർണ്ണായക ബില്ലുകൾ പാസ്സാക്കാനുള്ള സംഖ്യ സർക്കാരിനുണ്ടാകും. മണ്ഡല പുനർനിർണ്ണയം പുതിയ സെൻസസിനു പകരം 1971 ലെ കണക്കു പ്രകാരം തന്നെ നടത്താം എന്ന ഒത്തു തീർപ്പ് നിർദ്ദേശം ഡി എം കെയ്ക്കു മുന്നിൽ സർക്കാർ വച്ചു എന്ന റിപ്പോർട്ടുകളും ഇന്ന് പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *