ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ ‘ഇന്ത്യ’ സഖ്യത്തിന്റെ നിർണായക യോഗത്തിൽ പങ്കെടുക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് നേതാവും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കുന്ന യോഗത്തിൽ സഖ്യത്തിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളും നയരൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന. ഡൽഹിയിലെത്തിയ മമത, ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വസതിയിൽ വച്ചാണ് അരവിന്ദ് കെജ്‌രിവാളും മമത ബാനർജിയും കൂടിക്കാഴ്ച നടത്തിയത്. സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഈ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ‘ഇന്ത്യയിലെ ജനങ്ങൾ ഒന്നിച്ചാൽ, നീതിക്കും അന്തസ്സിനും 2029ലെ മികച്ച ഭാവിക്കും വേണ്ടിയുള്ള അവരുടെ പ്രയാണത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല,’ എന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു. ഇതിനിടെ, പാർട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ കീർത്തി ആസാദ് ഉൾപ്പെടെയുള്ള ചില ലോക്സഭാ അംഗങ്ങളും മമതയെ സന്ദർശിച്ചു.
അതേസമയം, ഇന്ന് നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ ആം ആദ്മി പാർട്ടി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എ.എ.പി സഖ്യത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. രാജ്യത്തെ ശക്തിപ്പെടുത്താനല്ല, മറിച്ച് തങ്ങളുടെ പാർട്ടിയെ മാത്രം ശക്തിപ്പെടുത്താനാണ് കോൺഗ്രസ് മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതെന്ന് എ.എ.പി മുഖ്യ വക്താവ് പ്രിയങ്ക കക്കർ ആരോപിച്ചു.
‘തമിഴ്‌നാട്ടിൽ വെറും ഒരു ദിവസം കൊണ്ട് അവർ സഖ്യകക്ഷിയെ എങ്ങനെയാണ് പിന്നിൽ നിന്ന് കുത്തിയത് എന്ന് നമ്മൾ കണ്ടതാണ്. ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുന്ന ഒരു സംസ്ഥാനത്തും ബി.ജെ.പിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കോൺഗ്രസുമായി ഒരു സഖ്യത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ല, അവർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ചില എംപിമാർ അസന്തുഷ്ടരാണെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ രാഷ്ട്രീയ കൂടിക്കാഴ്ചകൾ നടക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി ദിശയെ സ്വാധീനിക്കാൻ സാധ്യതയുള്ള തീരുമാനങ്ങൾ ഡൽഹി യോഗത്തിൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.















Leave a Reply